തെലങ്കാനയിൽ സർക്കാറിനെ അട്ടിമറിക്കാൻ പണമിറക്കിയെന്ന കേസ്; മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസിന്‍റെ എം.എൽ.എമാരെ കൂറുമാറ്റി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ (ഓപറേഷൻ താമര) ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി തെലങ്കാനയിലെ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. എൻ.ഡി.എ കേരള കണ്‍വീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെയടക്കം പങ്കാളിത്തം ആരോപിക്കപ്പെടുന്ന സംഭവത്തിൽ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് സെന്‍ററിലെ (എ.ഐ.എം.എസ്) ഉദ്യോഗസ്ഥരായ മൂന്നുപേർ നൽകിയ ഹരജിയിലാണ് ഉത്തരവ്.

കേസുമായി ഒരു ബന്ധവുമില്ലാത്ത തങ്ങൾക്ക് പ്രത്യേക അന്വേഷണ സംഘ തലവനായ ഹൈദരാബാദ് രാജേന്ദ്ര നഗർ അസി. പൊലീസ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുകയാണെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാൽ തടയണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. ആശുപത്രി കോഓഡിനേറ്റർ ശരത് മോഹൻ, ക്ലിനിക്കൽ കോ ഓഡിനേറ്റർ വിമൽ വിജയൻ, അഡ്മിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് കെ.പി. പ്രശാന്ത് എന്നിവരാണ് ഹരജിക്കാർ.

തെലങ്കാന സൈബർബാദിലെ മൊയീനാബാദ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹരജിക്കാർക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി രാമചന്ദ്ര ഭാരതിയടക്കം മൂന്ന് പ്രതികളുമായി തുഷാർ വെള്ളാപ്പള്ളി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

അമൃത ആശുപത്രിയിലെ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു മുഖേനയാണ് ഇവർ പരിചയത്തിലാകുന്നതും ചർച്ചക്ക് വഴി തെളിഞ്ഞതുമെന്നാണ് കേസ്. ഡോ. ജഗ്ഗുവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി രണ്ട് ദിവസം പൂർണമായി തങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി ഹരജിയിൽ പറയുന്നു. അറിയാവുന്ന എല്ലാ വിവരങ്ങളും നൽകി. എന്നാൽ, ജഗ്ഗുവിനെ ഹാജരാക്കിയില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ട് നവംബർ 16ന് ഹരജിക്കാർക്ക് നോട്ടീസ് ലഭിച്ചു.

ചുരുങ്ങിയ സമയമായതിനാൽ കൂടുതൽ സമയം തേടിയും കൊച്ചിയിൽ ചോദ്യം ചെയ്യാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടും മറുപടി നൽകി. എന്നാൽ, 28ന് ഹാജരാകാൻ നിർദേശിച്ച് ക്രിമിനൽ നടപടി ചട്ടം 41(എ) പ്രകാരമുള്ള പുതിയ നോട്ടീസ് നൽകിയിരിക്കുകയായിരുന്നെന്നും തെലങ്കാന രാഷ്ട്രീയത്തിൽ ഒരു താൽപര്യവുമില്ലാത്ത തങ്ങൾക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - The case of sending money to overthrow the government in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.