തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തിനാൽ ഓണസദ്യ മാലിന്യ ബിന്നിൽ തട്ടി ശുചീകരണത്തൊഴിലാളികളുടെ അതിരുവിട്ട പ്രതിഷേധം. തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിലുള്ള ശുചീകരണതൊഴിലാളികളാണ് ഉണ്ടാക്കിയ ഓണസദ്യ അതുപോലെയെടുത്ത് മാലിന്യക്കൊട്ടയിൽ തട്ടി പ്രതിഷേധിച്ചത്.
ചോറും കറികളും ഇലയുമടക്കം എടുത്ത് മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിൽ തട്ടുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഇന്നലെയായിരുന്നു ഓണാഘോഷം. ചാലാ സർക്കിളിനും ഓണാഘോഷത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ രാവിലെ ജോലി കഴിഞ്ഞ ശേഷം മതി ആഘോഷമെന്ന് അധികൃതർ അറിയിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.
ശുചീകരണ ജോലി കഴിഞ്ഞെത്തിയ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ഭക്ഷണം കളഞ്ഞത്. ആഘോഷം തടഞ്ഞ അധികൃതരോടുള്ള പ്രതിഷേധമാണെന്നും ശുചീകരണം കഴിഞ്ഞെത്തിയ തങ്ങൾക്ക് കുളിക്കാൻ പോലും സൗകര്യമില്ലായിരുന്നുവെന്നും അതിനാൽ ഓണസദ്യ ബഹിഷ്കരിക്കുന്നുവെന്നും പറഞ്ഞാണ് പാത്രത്തോടെ മാലിന്യക്കൊട്ടയിലേക്ക് കമിഴ്ത്തിയത്
വിഡിയോ കടപ്പാട്: മീഡിയ വൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.