പ്രവാസി സമൂഹത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ നിസ്സംഗത അവസാനിപ്പിക്കണം -റസാഖ് പാലേരി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ഗൾഫ് മേഖലയിൽ രൂക്ഷമായ പ്രതിസന്ധികൾ നേരിടുന്ന പ്രവാസി സമൂഹത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന നിസ്സംഗ സമീപനം അവസാനിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്‍റ്​​ റസാഖ് പാലേരി ആവശ്യപ്പെട്ടു. യാത്രാ വിലക്ക് കാരണം പ്രവാസികൾ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

വിസാ കാലവധി അവസാനിച്ച് ജോലി നഷ്​ടപ്പെടുന്ന സാഹചര്യത്തിലാണ് ഇവർ വൻ തുക ചെലവഴിച്ച് യാത്ര പുറപ്പെട്ടത്. സൗദി അറേബ്യ, കുവൈത്ത്​ എന്നീ രാജ്യങ്ങൾ ഇൻന്ത്യയിൽനിന്നുള്ള യാത്രികർക്ക് അവിടങ്ങളിലേക്ക് നേരിട്ട് പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ദുബൈ വഴി യാത്രക്ക് ശ്രമിച്ചവരാണ് അവിടെ കുടുങ്ങിയത്. ഇവരിൽ ഭൂരിപക്ഷം പേരുടെയും വിസാ കാലാവധി അവസാനിച്ചിരിക്കുന്നു. നാടുകളിലേക്ക് മടങ്ങിപോകുക എന്ന നിരുത്തരവാദ നിർദേശം മാത്രമാണ് ഇന്ത്യൻ എംബസി ഇവർക്ക് നൽകുന്നത്. മാസങ്ങളായി തൊഴിലും വരുമാനവും നഷ്​ടപ്പെട്ട് നാട്ടിൽ ദുരിതത്തിലായവർ രക്ഷതേടി പുറപ്പെട്ടതാണ്. അവർക്ക് തൊഴിൽ സുരക്ഷിതത്വമാണ് വേണ്ടത്.

സൗദി, കുവൈത്ത്​ എന്നീ രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് പിൻവലിക്കുന്നത് വരെ ഇവരുടെ വിസ കാലവധി വർധിപ്പിച്ച്​ നൽകാനും ആ സമയം വരെ യു.എ.യിൽ ജോലി തേടാനുള്ള അവസരമൊരുക്കാനും ഇന്ത്യ - ഗൾഫ് രാജ്യങ്ങളുമായി നയതന്ത്രതല നീക്കങ്ങൾ നടത്തണം. ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറാകണം.

അനേകം മലയാളികൾ ഗുരുതര പ്രതിസന്ധിയിൽപ്പെട്ടിട്ടും തിരിഞ്ഞുനോക്കാൻ പോലും സംസ്ഥാന സർക്കാറോ നോർക്കയോ തയാറാകുന്നില്ല. കേന്ദ്ര സർക്കാറിൽ മതിയായ സമ്മർദ്ദം ചെലുത്തി പ്രയാസമനുഭവിക്കുന്ന പ്രവാസികളെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടിന്‍റെ സാമ്പത്തിക സുസ്ഥിതിക്ക് വലിയ സംഭാവന നൽകിയ പ്രവാസി സമൂഹം ഇപ്പോൾ അനുഭവിക്കുന്ന ദുസ്ഥിതിക്ക് പരിഹാരം കാണാൻ കഴിയുന്ന രക്ഷാ പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Tags:    
News Summary - The Central Government must end its indifference in protecting the expat community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.