ലോക്സഭാ മണ്ഡല പുനർ നിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണം- മുഖ്യമന്ത്രി

ലോക്സഭാ മണ്ഡല പുനർ നിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണം- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർ നിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്.

സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്‌ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണ്. ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് തുല്യമാകും അത്.

1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്. എന്നാൽ, 1976 ൽ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌.

സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026-നു ശേഷമുള്ള ആദ്യ സെൻസസ് ( 2031 ) വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ധൃതിപിടിച്ച പുതിയ നീക്കം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അധിക മണ്ഡലങ്ങൾ ലഭിക്കുമെന്ന കേന്ദ്രസർക്കാർ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. നിലവിലെ പാർലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. ഈ രണ്ടു രീതിയിൽ ആയാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കി ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൻറെതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - The central government should be ready to take a decision on the issue of Lok Sabha constituency re-delimitation through coordination of opinions - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.