കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്‍മാറി രാജ്യത്തിന്റെ ആശങ്ക അകറ്റണം. - കോടിയേരി


കോഴിക്കോട് : കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്‍മാറി രാജ്യത്തിന്റെ ആശങ്ക മാറ്റാന്‍ തയാറാവണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രത്തിന്റെ ഹിന്ദുവല്‍ക്കരണവും ഹിന്ദുക്കളുടെ സൈനികവല്‍ക്കരണവും ആര്‍.എസ്.എസ് സൈദ്ധാന്തികനായ സവര്‍ക്കര്‍ മുന്നോട്ടുവെച്ച ആശയമാണ്.

ബി.ജെ.പി സര്‍ക്കാര്‍ അത്തരം ആശയങ്ങളെ പ്രയോഗത്തില്‍ വരുത്താനാണ് ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് സുരക്ഷിതമായ തൊഴില്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നവും കാര്‍ഷിക പ്രതിസന്ധിയും ശാസ്ത്രീയമായി പരിഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയാറാവേണ്ടത്.

രണ്ടുവര്‍ഷമായി കരസേനയില്‍ റിക്രൂട്ട്‌മെന്റില്ല. രാജ്യത്ത് തൊഴിലില്ലായ്മ സമാനതകളില്ലാതെ പെരുകുമ്പോഴാണ് തൊഴില്‍സുരക്ഷ പോലും ഉറപ്പ് നല്‍കാതെ രാജ്യത്തിനായി ജീവത്യാഗം ചെയ്യാന്‍ യുവാക്കളോട് അഹ്വാനം ചെയ്യുന്നത്. സൈനിക സേവനം കരാര്‍വല്‍ക്കരിച്ച നരേന്ദ്രമോഡി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം രാജ്യമാസകലം പടര്‍ന്നുപിടിക്കയാണ്.

നാല് വര്‍ഷ സേവനത്തിനായി യുവാക്കളെ സൈന്യത്തിലെടുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായാണ് രാജ്യം തെരുവിലിറങ്ങുന്നത്. പതിനേഴര മുതല്‍ ഇരുപത്തിയൊന്ന് വയസ് വരെ പ്രായപരിധിയുള്ളവരെ മൂന്നു സേനാവിഭാഗങ്ങളിലും അഗ്‌നിവീര്‍ എന്ന പേരില്‍ നിയമിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ഓരോ ബാച്ചിലെയും 25 ശതമാനം പേര്‍ക്ക് ദീര്‍ഘകാല സേവനത്തിന് അവസരം നല്‍കുമെന്ന വ്യാമോഹവും നൽകുന്നുണ്ട്. നാല് വര്‍ഷ സേവനം കഴിഞ്ഞ് പിരിഞ്ഞുപോകുന്നവര്‍ക്ക് പെന്‍ഷനോ മറ്റ് സൈനിക ആനുകൂല്യങ്ങളോ ഉണ്ടാവില്ല. ഈ പദ്ധതി രാജ്യത്തിന്റെ സൈന്യത്തിന് ദോഷകരമായി തീരും എന്നത് തര്‍ക്കമറ്റ കാര്യമാണ്.

രാജ്യത്തിന് തികഞ്ഞൊരു സായുധസേനയെ ഉണ്ടാക്കാന്‍ നാല് വര്‍ഷത്തെ കരാര്‍ സേവനം കൊണ്ട് സാധിക്കില്ല. പെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള ഈ സൂത്രപ്പണി സൈന്യത്തിന്റെ കാര്യക്ഷമതയേയും ഗൗരവത്തേയും രാജ്യത്തിന്റെ സുരക്ഷയേയും ബാധിക്കും.

ആര്‍.എസ്.എസിന്റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ബി.ജെ.പി മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറഞ്ഞിരുന്നത്.

വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത കേന്ദ്രസര്‍ക്കാര്‍, പെന്‍ഷനില്ലാത്ത നാല് വര്‍ഷത്തെ സൈനിക സേവനം ഉയര്‍ത്തിക്കാട്ടി തൊഴില്‍രഹിതരായ യുവജനങ്ങളെ കബളിപ്പിക്കുകയാണ്. അഗ്‌നിപഥ് പദ്ധതി ഇന്ത്യന്‍ സമൂഹത്തിന്റെ സൈനികവല്‍ക്കരണത്തിലേക്കാണ് നയിക്കുക. നാല് വര്‍ഷത്തെ സൈനിക സേവനം കഴിഞ്ഞിറങ്ങുന്നവരെ ഉപയോഗിച്ച് ആർ.എസ്.എസിന്റെ സ്വകാര്യസേനകള്‍ പരിപോഷിപ്പിക്കാനുളള ശ്രമവും അഗ്നിപഥിന്റെ ഭാഗമായി ഉണ്ടാവും എന്നതുറപ്പാണെന്നും കോടിയേരി ഫെയ്സ് ബുക്കിൽ കുറിച്ചു.

Tags:    
News Summary - The central government should withdraw from the Agneepath project and allay the concerns of the country. - Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.