പെറിയാറിൽ പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പെറിയാറിൽ ഏലൂര്‍ ഫെറി ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങള്‍ പ്രകാരം 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായെന്ന് മുഖ്യമന്ത്രി. മത്സ്യനാശം സംബന്ധിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് കൂടി ലഭ്യമായ ശേഷമേ മലിനീകരണ നിയന്ത്രണബോര്‍ഡ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂവെന്ന് നിയമസഭയിൽ ടി.ജെ. വിനോദിൻ്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യകൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. 2024 മെയ് 20 ന് പെരിയാറില്‍ ഏലൂര്‍ ഫെറി ഭാഗത്ത് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍വയലന്‍സ് സംഘം പരിശോധന നടത്തി.

വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ഡിസോള്‍വ്ഡ് ഓക്‌സിജന്റെ അളവ് മത്സ്യങ്ങള്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അളവിലും കുറവായി കാണപ്പെട്ടു. മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് പാതാളം റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ റെഗുലേറ്ററിന് മുകള്‍ വശത്തുനിന്ന് ഓക്‌സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതാണ് മത്സ്യനാശത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. പെരിയാര്‍ നദിയിലേക്ക് പാഴ്ജലം ശുദ്ധീകരണത്തിനുശേഷം പുറംതള്ളുന്നതിന് അനുവദിച്ചിട്ടുള്ള 5 വ്യവസായശാലകളില്‍ നിന്നും മലിനജലം പുറന്തള്ളുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ഏലൂര്‍, എടയാര്‍ ഭാഗത്തുള്ള വ്യവസായ ശാലകളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍ന്നുള്ള ദിവസങ്ങളിലും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - The chief minister said that according to preliminary information, there was a loss of fish worth Rs 13.56 crore in Periya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.