കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (പി.ആർ.ഡി) ചുമതലയിൽ നിന്ന് ഒഴിവാക്കി. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും മീഡിയ സെക്രട്ടറി പ്രഭാവർമയുമാണ് ഇനി പി.ആർ.ഡിയുടെ ചുമതല വഹിക്കുക.
സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്‍റ് എഡിറ്റർ പദവിയിൽ ഇരിക്കെയാണ് പി.എം. മനോജിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയോഗിച്ചത്. മനോജ് പത്രത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.
കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് ഭരണതലത്തിൽ കാതലായ മാറ്റം വരുത്തുന്ന നടപടിയിലേക്ക് സി.പി.എം കടന്നത്. പ്രസ് സെക്രട്ടറി പി.എം. മനോജിനെ മാറ്റണമെന്ന് അഭിപ്രായം ഉയർന്നെങ്കിലും പി.ആർ.ഡിയുടെ ചുമതലയിൽ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത്.
എന്‍റെ കേരളം, കേരളീയം, നവ കേരളസദസ് എന്നീ പരിപാടികളുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരെ നിരീക്ഷിക്കാൻ ആരംഭിച്ചത്. പി.ആർ.ഡി കരാറുകൾ നിരന്തരം മനോജിന്‍റെ മകന്‍റെ സ്ഥാപനമടക്കമുള്ളവർക്ക് ലഭിക്കുന്നത് വാർത്തകൾക്ക് വഴിവെച്ചിരുന്നു. പി.ആർ.ഡിയുടെ പരസ്യ കരാറുകളിലും ഡോക്യുമെന്‍ററി നിർമാണത്തിലും ഇടപെടലുണ്ടെന്നും ആരോപണം ഉയർന്നു.
പി.ആർ.ഡി ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലും ഇടപെടലുണ്ടായി. കൂടാതെ, മാധ്യമങ്ങൾക്കെതിരെ മനോജ് മോശമായ വിമർശനം നടത്തിയതും പാർട്ടി നേതൃത്വത്തിന് അതൃപ്തി ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസും മാധ്യമങ്ങളുമായുള്ള ബന്ധം വളരെ വഷളാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.