കോഴിക്കോട്: കാട്ടുപ്രദേശങ്ങളിലും മലയടിവാരങ്ങളിലും ഭീതിവിതച്ചിരുന്ന കാട്ടുപന്നിയുടെ ആക്രമണം നഗരത്തിലേക്കും വ്യാപിച്ചതിന്റെ ആശങ്കയോടെയാണ് തിങ്കളാഴ്ച പുലർന്നത്. നഗരത്തിലെ ജനവാസമേഖലയായ കോട്ടൂളിയിലെ മീമ്പാലക്കുന്നിൽ ഞായറാഴ്ച രാത്രി ഏഴരയോടെ ഭീതി വിതച്ചെത്തിയത് ഏഴു പന്നികളാണ്. ഈ നഗരത്തിലേക്ക് ഇതെവിടെനിന്നുവന്നു എന്നായിരുന്നു പരിസരവാസികൾ അതിശയിച്ചത്. കൃഷി നശിപ്പിക്കുന്ന, ജനങ്ങൾക്ക് ഭീതിസൃഷ്ടിക്കുന്ന പന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകിയത് അടുത്തിടെയാണ്. പന്നിയിറങ്ങിയ വിവരം അറിഞ്ഞയുടൻ നാട്ടുകാർ കൗൺസിലർമാരുടെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ വിവരമറിയിച്ചു.
റേഞ്ച് ഓഫിസിൽനിന്ന് തോക്കുമായെത്തിയ സംഘം പന്നിയെ വെടിവെച്ചെങ്കിലും രണ്ടെണ്ണത്തിനെ മാത്രമേ വെടിവെച്ചിടാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവ ഓടിരക്ഷപ്പെട്ടു. രക്ഷപ്പെട്ട പന്നികളിൽ ചിലതിന് മുറിവേറ്റിരിക്കാൻ സാധ്യതയുണ്ട്. മുറിവേറ്റ പന്നികൾ കൂടുതൽ അക്രമാസക്തരാവുമെന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ആവാസവ്യവസ്ഥയിലെ മാറ്റം
ഓരോ പ്രസവത്തിലും പത്തും പതിനഞ്ചും കുഞ്ഞുങ്ങൾക്കാണ് പന്നി ജന്മംനൽകുന്നത്. ഇതിൽ മിക്കതും വളർന്നുവലുതാകുകയും ചെയ്യും.
മുമ്പ് ഇങ്ങനെ പ്രസവിക്കുന്ന പന്നിക്കുഞ്ഞുങ്ങളിൽ അധികവും കുറുക്കന്മാർ തിന്നുതീർക്കുമായിരുന്നു. എന്നാൽ, കുറ്റിക്കാടുകൾ ഇല്ലാതായതോടെ കുറുക്കന്മാർക്കും വൻതോതിൽ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതും പന്നികളുടെ വർധനക്ക് കാരണമായിട്ടുണ്ട്. ഒരുകാലത്ത് കോഴിക്കോട് മാവൂർ റോഡിനും വയനാട് റോഡിനും അരികിൽ കുറുക്കന്മാർക്ക് നിരവധി താവളങ്ങൾ ഉണ്ടായിരുന്നു. നഗരം വളർന്നതോടെ വാസസ്ഥലങ്ങൾ നഷ്ടമായ കുറുക്കന്മാരെ ഇപ്പോൾ കാണാനേയില്ല. ഇതും പന്നികൾ പെറ്റുപെരുകാൻ കാരണമാക്കി.
എന്തുകൊണ്ട് നാട്ടിൽ?
മുമ്പ് കാടിനോടു ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന പന്നികൾ ഇപ്പോൾ കാടില്ലാത്ത പ്രദേശങ്ങളിലേക്കും ഇറങ്ങിവന്ന് ഭീഷണി സൃഷ്ടിക്കുന്നു. കേരളത്തിൽ കാടില്ലാത്ത ഏക ജില്ലയായ ആലപ്പുഴയിൽപോലും കഴിഞ്ഞ ദിവസം പന്നിയിറങ്ങിയിരുന്നു. ആലപ്പുഴ ജില്ലയിലെ തീരപ്രദേശമായ മുതുകുളം ചിങ്ങോലി ഭാഗങ്ങളിലാണ് പന്നിയിറങ്ങിയത്.
പന്നികളുടെ ആവാസവ്യവസ്ഥയായ വനവിസ്തൃതി ചുരുങ്ങിയതാണ് പന്നികൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ജനവാസ മേഖലയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളാണ് പന്നികളെ നഗരത്തിലേക്ക് ആകർഷിക്കുന്നത്. കാടിറങ്ങി കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന പന്നികൾ പരാക്രമത്തിനിടയിൽ ജനവാസ മേഖലയിലേക്കും കടന്നുകയറുകയാണ്. നഗരത്തിലെ ആൾപ്പാർപ്പില്ലാത്ത പുരയിടങ്ങളിൽ ഇവ തമ്പടിക്കുന്നു. ലക്കും ലഗാനുമില്ലാതെ വലിച്ചെറിയുന്ന മാലിന്യങ്ങളുടെ മണംപിടിച്ച് ഇവറ്റകൾ നഗരത്തിലേക്ക് ആകർഷിക്കപ്പെടുന്നതായി ജില്ല ഫോറസ്റ്റ് ഓഫിസർ രാജീവൻ പറയുന്നു.
ആൾപ്പാർപ്പില്ലാതെ കാടുകയറിക്കിടക്കുന്ന പുരയിടങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന നഗരശീലം പന്നികൾക്ക് താവളമൊരുക്കുകയാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർക്കുനേരെ പാഞ്ഞുവരുന്ന പന്നികളിൽനിന്ന് രക്ഷപ്പെടുക എളുപ്പമല്ല. എത്ര കരുതലോടെ യാത്രചെയ്താലും പന്നി അക്രമാസക്തനായാൽ വലിയ അപകടമായിരിക്കും. പ്രത്യേകിച്ച് പന്നിക്ക് മുറിവേറ്റിട്ടുണ്ടെങ്കിൽ അപകടം ഇരട്ടിക്കും. മാലിന്യസംസ്കരണത്തിന് പുതിയ സംസ്കാരംതന്നെ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.
ജീവനും ഭീഷണി
ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനെക്കാൾ ശക്തമായാണ് പന്നികൾ കൃഷിയിടങ്ങൾ തകർക്കുന്നത്. കൃഷി നാശം മാത്രമല്ല, പന്നിയുടെ ആക്രമണത്തിൽ ഒട്ടേറെ ജീവനുകളും നഷ്ടമായ സംഭവങ്ങളുണ്ട്. രാത്രികാല യാത്രക്കാർക്കാണ് പന്നിയുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടിവരുന്നത്. സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ 21 പേരാണ് മരിച്ചത്. നാലു വർഷത്തിനിടെ 515 പേർക്കാണ് പരിക്കേറ്റത്. ഒരു വർഷത്തിനിടെ മാത്രം എട്ടു മരണമുണ്ടായി. അഞ്ചു വർഷത്തിനിടെ 10,700 പേരാണ് കൃഷിനാശത്തിനായി അപേക്ഷ സമർപ്പിച്ചത്. പന്നികളുടെ ഭീഷണി രൂക്ഷമായതോടെയാണ് വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.