സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളത്; പ്രഥമദൃഷ്ട്യാ തെളിവുണ്ട്; അതിജീവിതയെ നിശബ്ദയാക്കാൻ ശ്രമമെന്നും കോടതി

കൊച്ചി: നടൻ സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ ആരോപണം ഗൗരവമുള്ളതെന്ന് ഹൈകോടതി. പീഡനക്കേസില്‍ അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ജാമ്യം അനുവദിക്കണമെന്നുമടക്കമുള്ള വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, സിദ്ദിഖിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമാണ്. ലൈംഗിക അതിക്രമത്തിനിരയായി എന്നത് തുറന്നു പറയുന്നവരെ ഇകഴ്ത്തുന്നത് ശരിയല്ല. പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. ഇത്തരം വാദങ്ങൾ പരാതിക്കാരിയെ നിശബ്ദയാക്കാനുള്ള നീക്കമാണെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവിനു പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സിദ്ദിഖിനെതിരായ പരാതി ഗൗരവമുള്ളതാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്, വൈദ്യപരിശോധനയും നടത്തേണ്ടതുണ്ട്. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകിയിരുന്നു.

സുപ്രീംകോടതിയെ സമീപിക്കും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. ലൈംഗികാതിക്രമ കേസിൽ കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയതായാണ് വിവരം. കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചാലുടൻ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്‍റെ അഭിഭാഷകരുടെ നീക്കം. നിലവിൽ കൊച്ചിയിലെ രണ്ടു വീടുകളിലും നടൻ ഇല്ലെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സർക്കുലർ നൽകി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പൊലീസിന്‍റെ നീക്കം. അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായാണ് വിവരം. നടനുവേണ്ടി തിരച്ചിൽ വ്യപകമാക്കിയിട്ടുണ്ട്.

Tags:    
News Summary - The complaint against Siddique is serious -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.