ആലപ്പുഴ: ഒരാളെ കൊന്ന കേസിലെ 15 പ്രതികൾക്കും വധശിക്ഷ നൽകിയതിലൂടെ രൺജിത്ത് വധക്കേസിലെ കോടതിവിധി അത്യപൂർവമായി. 2021 ഡിസംബർ 19ന് പുലർച്ച വീട്ടിൽ കയറി മാതാവിന്റെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊല്ലുകയായിരുന്നു.
ആറുമണിയോടെ പ്രഭാതസവാരിക്ക് ഇറങ്ങാൻ രൺജിത്ത് മുൻവാതിൽ തുറന്നയുടൻ പുറത്ത് കാത്തുനിന്ന പ്രതികൾ മാരകായുധങ്ങളുമായി വീട്ടിനുള്ളിലേക്ക് കടന്നുകയറി ആക്രമിക്കുകയായിരുന്നു. രൺജിത്തിന്റെ ശരീരത്തിൽ 48 വെട്ടേറ്റിരുന്നു.
കേസിലെ ഒന്നും രണ്ടും എട്ടും സാക്ഷികളായ രൺജിത്തിന്റെ മാതാവ്, ഭാര്യ, ഇളയ മകൾ എന്നിവരുടെ മൊഴികളാണ് ഇത്ര കടുത്ത ശിക്ഷയിലേക്ക് നയിച്ചത്. ഷാൻ വധത്തെ തുടർന്നുണ്ടായ വൈകാരിക പ്രതികരണമായിരുന്നു രൺജിത്തിന്റെ കൊലപാതകമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ഷാൻ കൊല്ലപ്പെടുന്നതിനും മുമ്പുതന്നെ രൺജിത്തിനെ കൊലപ്പെടുത്താൻ എസ്.ഡി.പി.ഐ പദ്ധതിയിട്ടിരുന്നുവെന്നതിന് തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. മൂന്നാം പ്രതി അനൂപിന്റെ മൊബൈൽ ഫോണിൽനിന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചവരുടെ പട്ടിക പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നാംപേരുകാരനായിരുന്നു രൺജിത്ത്.
ഒന്നുമുതൽ എട്ടുവരെ പ്രതികളാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. നാലുപേർ വീടിന് പുറത്ത് കാവൽ നിന്നവരാണ്. മൂന്നു പേർ ഗൂഢാലോചനയിൽ പങ്കാളികളായവരുമാണ്. വ്യത്യസ്ത കുറ്റം ചെയ്തവർക്കെല്ലാം വധശിക്ഷ വിധിച്ചതിലൂടെയാണ് വിധി അപൂർവങ്ങളിൽ അപൂർവമായത്.
ജുഡീഷ്യറി നിയമവാഴ്ചയുടെ രക്ഷാകർത്താവാണെന്ന് വിധിയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഒരു കേസിൽ നിയമത്തിന്റെ ഇളവ് പ്രതികൾക്ക് നൽകാനാവില്ല. രാഷ്ടീയ കൊലപാതകമായി ഇതിനെ കാണാനാവില്ല. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളും ഇതും തമ്മിൽ വ്യത്യാസമുണ്ട്. ഹിറ്റ് ലിസ്റ്റ് തയാറാക്കി സൂക്ഷിച്ചത് ഗൂഢാലോചനയുടെ പരിധി എത്രയെന്ന് തെളിയിക്കുന്നു.
ഒരു ക്രിമിനൽ കുറ്റവും രൺജിത് ചെയ്തിട്ടില്ലെന്നും സമൂഹത്തിന് നന്മ മാത്രം ചെയ്തയാളാണെന്നും വിധിയിൽ നിരീക്ഷിക്കുന്നു. കോടതിയിലെ പെരുമാറ്റത്തിൽനിന്ന് പ്രതികളുടെ പശ്ചാത്താപം ഉള്ളതായി കണ്ടില്ല. നിരായുധനായ ഒരാളെ 12 പേർ വളഞ്ഞിട്ട് ആക്രമിച്ചത് കൊലയുടെ നിഷ്ഠുരതക്ക് തെളിവാണ്.
പരിശീലനം നേടിയ ഗ്രൂപ് എന്ന നിലയിൽതന്നെ വീട്ടിൽ അതിരാവിലെ കടന്നുകയറി നിരാലംബരായ കുഞ്ഞിന്റെയും ഭാര്യയുടെയും മറ്റും മുന്നിലിട്ട് അതിക്രൂരമായ കൊലപാതകമാണ് പ്രതികൾ നടത്തിയതെന്നും വിധിന്യായത്തിൽ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.