എല്ലാവരും വിട്ടുനിന്നു; മൊറാഴയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനം മുടങ്ങി

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ ആരുമെത്താത്തതിനാൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ പേരും ബഹിഷ്‍കരിച്ചത്. പ്രദേശത്തെ അംഗൻവാടി ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതിലാണ് പാർട്ടി ഗ്രാമത്തിൽ ഇതാദ്യമായി ബ്രാഞ്ച് സമ്മേളനം നടക്കാതെ പോയത്.

ചൊവ്വാഴ്ച രാവിലെ പത്തിന് തുടങ്ങേണ്ടിയിരുന്ന സമ്മേളനത്തിന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. കൃത്യസമയത്ത് ഇദ്ദേഹവും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും സമ്മേളന സ്ഥലത്തെത്തി. എന്നാൽ, ബ്രാഞ്ചിലെ 14 മെംബർമാരും വിട്ടുനിന്നു.

ബ്രാഞ്ച് പരിധിയിലെ ദേവർകുന്ന് അംഗൻവാടിയിലെ ഹെൽപറുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ സമ്മേളനം നടത്തരുതെന്ന നിലപാടാണ് മുഴുവൻ മെംബർമാരും സ്വീകരിച്ചത്. ബഹിഷ്‍കരണമറിഞ്ഞതോടെ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുമായി നേതാക്കൾ ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് മൂന്ന് മണിക്കൂർ സമയം തരാമെന്നും തുടർന്ന് എല്ലാവരും സമ്മേളനത്തിന് എത്താമെന്നും അവർ നേതൃത്വത്തെ അറിയിച്ചു. ലോക്കൽ കമ്മിറ്റി നേതാക്കൾ ഏരിയ നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ പരിഹാരം നടക്കില്ലെന്നുകണ്ട് സമ്മേളനം വേണ്ടെന്നുവെച്ചു.

അംഗൻവാടിയിൽ കുട്ടികളെ ഹെൽപർ മർദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടെ തുടക്കം. ആന്തൂർ നഗരസഭ ചെയർമാന്റെ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. എന്നാൽ, കുറ്റക്കാരിയായ അംഗൻവാടി ഹെൽപറെ തൊട്ടടുത്തേക്കും വർക്കറെ ദൂരേക്കും സ്ഥലംമാറ്റിയതാണ് പ്രദേശത്തുകാരെ ചൊടിപ്പിച്ചത്. വാർഡ് കൗൺസിലർ പോലുമറിയാതെ ചിലരുടെ താൽപര്യമാണ് നടപ്പാക്കിയതെന്നും പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - The CPM branch meeting was canceled in Morazha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.