കോഴിക്കോട്: രാജ്യസഭയിലേക്ക് മുസ്ലിം ലീഗ് പ്രതിനിധി ആരായിരിക്കുമെന്നതു സംബന്ധിച്ച് പാർട്ടിയിൽ ചർച്ച മുറുകി. ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് വയനാട് ലോക്സഭ സീറ്റിനുപകരം ലഭിച്ച രാജ്യസഭ സീറ്റിൽ ആരാകും സ്ഥാനാർഥിയെന്ന ചർച്ച നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ സജീവമായത്.
യുവാക്കൾക്ക് പ്രാതിനിധ്യമുണ്ടാകണമെന്ന കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ച പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങൾ, ലോക്സഭയിലേക്കുതന്നെ അവരെ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായി വ്യക്തമാക്കിയതോടെ യൂത്ത്ലീഗ് പ്രതീക്ഷയിലാണ്.
കുഞ്ഞാലിക്കുട്ടി മാറിനിന്നെങ്കിലും ഇൻഡ്യ മുന്നണി അധികാരത്തിൽവരുന്ന സാഹചര്യമുണ്ടായാൽ അദ്ദേഹത്തിന് മനംമാറ്റമുണ്ടാകുമോയെന്ന ആശങ്കയും അവർക്കുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കുകയും മറ്റു പരിഗണനകൾ കയറിവരാതിരിക്കുകയും ചെയ്താൽ യൂത്ത് ലീഗിൽനിന്നുതന്നെയാകും രാജ്യസഭ പ്രതിനിധി. അതേസമയം, ഇക്കാര്യത്തിൽ യൂത്ത്ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ അവകാശവാദമുന്നയിച്ചാൽ യൂത്ത്ലീഗിന് പുറത്തുള്ള പുതുമുഖത്തെയാകും പരിഗണിക്കുക.
ഇൻഡ്യ മുന്നണി അധികാരത്തിലേറിയാൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകുമെന്ന പ്രചാരണത്തിലെ അപകടസാധ്യത തിരിച്ചറിഞ്ഞാണ് സാദിഖലി തങ്ങൾകൂടി ഇടപെട്ട് പൊടുന്നനെ നിഷേധ പ്രസ്താവന നടത്തിയത്. ലോക്സഭ അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചതിന്റെ ക്ഷീണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ബാധിച്ചെന്ന് മുന്നണിയിൽതന്നെ വിലയിരുത്തലുണ്ടായതാണ്.
വീണ്ടും വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുംവിധം കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് പോകുന്നത് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സാദിഖലി തങ്ങൾ ഇക്കാര്യം അസന്നിഗ്ധമായി നിഷേധിച്ചത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തുകയെന്നത് ലീഗിനെ സംബന്ധിച്ച് പ്രധാനമാണ്. അതിന് വിഘാതമുണ്ടാക്കുന്ന നീക്കം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.
അതോടൊപ്പം, മുതിർന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ലോക്സഭയിലുണ്ടാകുമെന്നതിനാൽ അദ്ദേഹത്തെ അവഗണിക്കാനുമാകില്ല.പാർട്ടി ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ പേരും ചർച്ചയിലുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സീറ്റ് പ്രതീക്ഷിച്ച സലാമിന് കെ.പി.എ. മജീദിന്റെ രംഗപ്രവേശമാണ് തടസ്സമായത്.
രാജ്യസഭയിൽ അല്ലെങ്കിൽ നിയമസഭയിൽ സലാമിന് സീറ്റ് നൽകേണ്ടിവരുമെന്നതിനാൽ ഇക്കാര്യത്തിൽ സാദിഖലി തങ്ങൾ മനസ്സ് തുറന്നിട്ടില്ല. ചില പ്രവാസി വ്യവസായികൾ സീറ്റ് താൽപര്യപ്പെടുന്നുണ്ടെങ്കിലും പ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തുന്ന നടപടിക്ക് നേതൃത്വം മുതിരാനിടയില്ല. പി.വി. അബ്ദുൽ വഹാബിനെ പരിഗണിച്ചപോലെയുള്ള സാഹചര്യമല്ല ഇപ്പോൾ പാർട്ടി അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.