സി.പി.എം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കാന്‍ ചട്ടംകെട്ടിയ ശേഷമാണ് സംവാദം -കെ. സുധാകരന്‍

തിരുവനന്തപുരം: കെ-റെയിലിന്‍റെ പേരില്‍ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. കെ-റെയിലിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരും ദുരിതംപേറുന്നവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആര്‍ജവവുമാണ് സര്‍ക്കാര്‍ ആദ്യം കാട്ടേണ്ടത്. അവരെ കാണാനോ പരിഭവം കേള്‍ക്കാനോ സര്‍ക്കാറും മുഖ്യമന്ത്രിയും തയാറായിട്ടില്ല. പദ്ധതിയുടെ പേരില്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവരുമായി സംവാദമോ ചര്‍ച്ചയോ നടത്തിയിട്ട് എന്തു പ്രയോജനമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.

ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താതെ സംവാദം സംഘടിപ്പിക്കുന്നതിനാലാണ് പാനലിൽ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തു സംസാരിക്കേണ്ട അലോക് വര്‍മയും ആര്‍. ശ്രീധരും പിന്മാറിയത്. കെ-റെയില്‍ സംവാദ പരിപാടി സര്‍ക്കാറിന്‍റെ പി.ആര്‍ എക്സർസൈസ്​ മാത്രമായി മാറി. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി. മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയത് എതിര്‍ശബ്ദങ്ങളുടെ എണ്ണം കുറച്ച് സര്‍ക്കാറിന് മംഗളപത്രം രചിക്കുന്നവരെ ഉള്‍പ്പെടുത്തി സംവാദം സംഘടിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.

കെ-റെയിലിനെതിരെ കേരളത്തിലുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ സി.പി.എം ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് തല്ലിയൊതുക്കാന്‍ ചട്ടംകെട്ടിയ ശേഷമാണ് സംവാദം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ-റെയിലിനെതിരെ പ്രതിഷേധിച്ചാല്‍ വീണ്ടും മര്‍ദിക്കുമെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി ധാര്‍മിക പിന്തുണ നല്‍കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - The debate was sparked by the fact that the CPM was framed to beat up goons -K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.