ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തർ; വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാല ഊരി തിരികെ പോയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. നിയമസഭയിൽ എം. വിൻസെന്‍റിന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ദേവസ്വം മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്.

യഥാർഥ ഭക്തർ ആരും ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയോ തേങ്ങ ഉടച്ചോ തിരികെ പോയിട്ടില്ല. ശബരിമലയെ തകർക്കാൻ വ്യാജ പ്രചാരണം നടക്കുന്നുവെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ. അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയത്ത് നീട്ടിയത്.

സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് വല്ലാത്ത പ്രചാരണം കൊടുക്കുകയാണ്. പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്നമല്ല. ബോധപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യമാണെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ശബരിമല തീർഥാടന കാലം ദുരിതപൂർണമായിരുന്നു എന്നതും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നതും യാഥാർഥ്യമാണെന്ന് എം. വിൻസെന്‍റ് സഭയിൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായി.

അനാവശ്യ നിയന്ത്രണമാണ് സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയത്. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയതെന്നും എം. വിൻസെന്‍റ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - The Devaswom minister said that those who removed the garland from Sabarimala and returned were fake devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.