ആലുവ: കാലപ്പഴക്കമേറിയതും അപകടാവസ്‌ഥയിലുള്ളതുമായ കെട്ടിടം പൊളിച്ചുതുടങ്ങി. ആലുവ ബാങ്ക് കവല - മാർക്കറ്റ് റോഡിൽ ഗ്രാൻഡ് കവലയിലുള്ള മൂന്നുനില കെട്ടിട്ടമാണ് ചൊവ്വാഴ്ച്ച പൊളിക്കാൻ ആരംഭിച്ചത്. 85 വർഷം പഴക്കമുള്ള സ്വകാര്യ കെട്ടിടം അപകടാവസ്ഥയിലായിട്ട് കാലങ്ങളായി.
ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയിൽ നിന്നിരുന്ന കെട്ടിടം ജനങ്ങൾക്ക് ഭീഷണിയായിരുന്നു. കെട്ടിട ഉടമയും വാടകക്കാരും തമ്മിലുള്ള നിയമ പോരാട്ടങ്ങളാണ് കെട്ടിടം പൊളിക്കാൻ വൈകിയതിന് കാരണം. ഇതിനിടയിൽ കെട്ടിടം പൊളിച്ചുനീക്കാനുള്ള കെട്ടിട ഉടമയുടെ ഹരജിക്ക് അനുകൂലമായി ഒക്ടോബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് അപകടാവസ്‌ഥ കണക്കിലെടുത്ത് കെട്ടിടം പൊളിച്ചുനീക്കാൻ ജില്ല കലക്ടർ നഗരസഭ സെക്രട്ടറിയോട് കഴിഞ്ഞ ദിവസം നിർദ്ദേശിക്കുകയായിരുന്നു.
വ്യാപാര സ്‌ഥാപനങ്ങൾ, രാഷ്‌ട്രീയ പാർട്ടി ഓഫിസുകൾ തുടങ്ങിയവയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. കോടതിയിലെ കേസുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഇവിടെ തന്നെ തുടരുകയായിരുന്നു. എന്നാൽ, കുറച്ചുവർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന് തകരാറുകൾ കണ്ടുതുടങ്ങിയിരുന്നു. ഇതോടെ വ്യാപാര സ്‌ഥാപനങ്ങളുടെ പ്രവർത്തനം സമീപ കെട്ടിടങ്ങളിലേക്ക് മാറ്റിയിരുന്നു. പാർട്ടി ഓഫിസുകളും അടച്ചു. കെട്ടിടത്തിൻറെ രണ്ട് അറ്റത്തുള്ള രണ്ട് സി ക്ലാസ് കടകളും, ഒരു ഇലക്ട്രിക്കൽ കടയും പ്രവർത്തനം തുടർന്നു. എന്നാൽ, വ്യാപാരം മറ്റ് കെട്ടിടങ്ങളിലേക്ക് മാറിയവർ കടമുറികൾ ഒഴിഞ്ഞിരുന്നില്ല.
കലക്ടറുടെ ഉത്തരവിനെ തുടർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കടകൾക്ക് കഴിഞ്ഞ ദിവസം നഗരസഭയിൽ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച്ച വൈകീട്ട് വൈദുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച കെട്ടിടം പൊളിക്കൽ ആരംഭിച്ചതോടെ, അടച്ചിട്ടിട്ടുള്ള സ്‌ഥാപനങ്ങളിലെ വ്യാപാരികൾ അടക്കമുള്ളവർ നഗരസഭ സെക്രട്ടറിയെ സമീപിച്ച് തങ്ങളുടെ സാധനങ്ങൾ മാറ്റാൻ സാവകാശം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് രണ്ട് ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
ഇതിനിടയിൽ കെട്ടിടത്തിൻറെ മറ്റുഭാഗങ്ങൾ പൊളിക്കൽ തുടരും. ഏതുസമയവും വാഹനങ്ങളും കാൽനടയാത്രികരും സഞ്ചരിക്കുന്ന തിരക്കേറിയ റോഡിനോട് ചേർന്നാണ് കെട്ടിടം നിൽക്കുന്നത്. അതിനാൽ തന്നെ കെട്ടിടം നിലംപൊത്തിയാൽ വലിയ ദുരന്തത്തിന് ഇടയാക്കുമായിരുന്നു. മഴ പലപ്പോഴും ശക്തമാകുന്നതിനാൽ ഇടിഞ്ഞുവീഴാനുള്ള സാദ്ധ്യതയും ബന്ധപ്പെട്ട അധികാരികൾ സൂചിപ്പിച്ചിരുന്നു. നഗരസഭയുടെ മേൽനോട്ടത്തിൽ കെട്ടിട ഉടമയാണ് പൊളിക്കുന്നതെന്ന് സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു. പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ സുരക്ഷിതമായാണ് കെട്ടിടം പൊളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.