തിരുവനന്തപുരം: കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുള്ള കാരണം വിശദീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നിയമ മന്ത്രാലയത്തിന്റെ നിയമോപദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് കമീഷൻ ഹൈകോടതിയെ അറിയിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 21ന് മുമ്പാണ് പുറപ്പെടുവിച്ചതെന്നും കമീഷൻ ഹൈകോടതിയെ ബോധിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനിടെ നിലവിലെ എം.എൽ.എമാർ വോട്ട് ചെയ്യുന്നത് അനുചിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കേന്ദ്രസർക്കാർ നൽകിയ 'റഫറൻസ്' മുൻനിർത്തി കേരളത്തിലെ മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ നടപടിയാണ് വിവാദത്തിന് വഴിവെച്ചത്. വോട്ടെടുപ്പു തീയതി പ്രഖ്യാപിച്ചതടക്കം തെരഞ്ഞെടുപ്പു നടപടി തുടങ്ങിക്കഴിഞ്ഞ ശേഷമാണ് മുെമ്പാരിക്കലുമില്ലാത്ത ഇടപെടൽ ഉണ്ടായത്.
നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി പരിഗണിച്ചാണ് പുതിയ അംഗങ്ങൾക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുന്നത്. ഏപ്രിൽ 12നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. വിജ്ഞാപനം പുറത്ത് വന്ന് 19 ദിവസത്തിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് നടത്താനാകു. എന്നാൽ, പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു. ഏപ്രിൽ 21നാണ് രാജ്യസഭ അംഗങ്ങളുടെ കാലാവധി തീരുന്നത്.
നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമീഷന്റെ അറിയിപ്പിൽ വ്യക്തമാക്കിയത്. സ്വതന്ത്രവും നീതിപൂർവകവുമായി പ്രവർത്തിക്കേണ്ട കമീഷന്റെ പ്രവർത്തനത്തിൽ സർക്കാർ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പു നടപടി കമീഷൻ നിശ്ചയിച്ചു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നിട്ടും സർക്കാർ ഇടപെടുകയാണ് ചെയ്തത്. നിയമമന്ത്രാലയത്തിന്റെ കത്ത് കിട്ടിയെന്നല്ലാതെ, തെരഞ്ഞെടുപ്പു മാറ്റുന്നതിെൻറ കാരണം വ്യക്തമാക്കിയിരുന്നില്ല. രാജ്യസഭ തെരഞ്ഞെടുപ്പിന് കമീഷൻ നിശ്ചയിച്ച സമയക്രമം ഒരു രാഷ്്ട്രീയ പാർട്ടിയും എതിർത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.