കോഴിക്കോട്: ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുത്തവരിലൊരാൾ പിതാവിന്റെ പേര് മാറ്റിയെന്ന് രേഖകൾ. ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി വാങ്ങിയ ജോസഫ് കുര്യൻ ഹാജരാക്കുന്ന രേഖകൾ പ്രകാരം മാരിമുത്തുവിൽനിന്നാണ് ഭൂമി കെ.വി മാത്യു വാങ്ങിയത്. പിന്നീട് മാത്യുവിൽനിന്ന് 50 സെന്റ് ഭൂമി വാങ്ങിയെന്നാണ് ജോസഫ് കുര്യൻ 'മാധ്യമം' ഓൺലൈനോട് പറഞ്ഞത്.
ഇതിൽ മാരിമുത്തുവിന്റെ അച്ഛന് രണ്ടുപേര് ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പട്ടികജാതി-ഗോത്ര കമീഷന് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാണിച്ചത്. നഞ്ചൻ എന്ന് സ്കൂൾ രേഖകളിലുള്ള ആൾ തന്നെയാണ് അഗളിയിലെ ഭൂജന്മിയായ കന്തസ്വാമിയെന്ന് മാരിമുത്തു വാദിച്ചു. ഈ രണ്ടു പേരുകളുള്ള ആളാണ് തന്റെ അച്ഛൻ ഒരാളാണെന്ന് സ്ഥാപിച്ചെടുക്കാനാണ് മാരിമുത്തു ഗോത്ര കമീഷന് അപേക്ഷ നൽകിയത്.
വിചിത്രമായ ഈ കേസിൽ കമീഷൻ വിശദമായ അന്വേഷണം നടത്തി. നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത് ബോയന്റെ മകനായ കന്തസ്വാമിയുടെ മകന്റെ വേഷം കെട്ടി ഭൂമി വിൽപ്പന നടത്തിയ ആളാണ് മാരിമുത്തുവെന്ന് അറിയാതെയാണ് കമീഷൻ 2022 മാർച്ച് 11ന് ഈ കേസിൽ ഉത്തരവിട്ടത്.
നഞ്ചിയമ്മയുടെ ഭൂമി കൈയേറിയ ബോയന്റെ മകൻ കന്തസ്വാമിയുടെ ഭാര്യ രാമി തന്റെ മാതാവാണെന്ന് മാരിമുത്തു വാദിച്ചു. മാരിമുത്തുവിന്റെ മുത്തച്ഛൻ ബോയന് അഗളി വില്ലേജിൽ 17 ഏക്കർ ഭൂമിയുണ്ടായിരുന്നു. ബോയൻ ഇരുള ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ്. അമ്മയുടെ മരണശേഷം അച്ഛൻ കന്തസ്വാമിയാണ് ഭൂമി കൈവശം വെച്ചിരുന്നത്.
മാരിമുത്തു പഠനം നടത്തിയത് തമിഴ്നാട്ടിലെ സ്കൂളിലാണ്. അന്ന് പിതാവിന്റെ പേര് മാറ്റി നഞ്ചൻ മാരിമുത്തുവെന്ന് സ്കൂളിൽ ചേർത്തത്. അതിനാൽ കന്തസ്വാമിയും നഞ്ചനും ഒരാളാണെന്നും അച്ഛന്റെ സ്വത്തിൽ അവകാശം വേണമെന്നും കമീഷന് മുന്നിൽ വാദിച്ചു.
കമീഷൻ ഹിയറിങ് നടത്തിയപ്പോൾ കന്തസ്വാമിയുടെ സ്വത്ത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നു. ബോയൻ അട്ടപ്പാടിയിലെ ഏക്കർകണക്കിന് ഭൂമിയുള്ള ജന്മിയായിരുന്നു. അതിനാൽ കന്തസ്വാമിയുടെ പേരിൽ അഗളി വില്ലേജിൽ 30.97 ഏക്കർ ഭൂമിയുണ്ടായിരുന്നു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ അതിൽനിന്ന് 11.30 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുത്തു.
കന്തസ്വാമി ഇന്ന് ജീവിച്ചിരിപ്പില്ല. മിച്ചഭൂമി ഏറ്റെടുത്തതിനെതിരെ കന്തസ്വാമിയുടെ അനന്തരാവകാശികൾ കോടതിയെ സമീപിച്ചു. കന്തസ്വാമിയുടെ ഭാര്യയെന്ന് അവകാശപ്പെട്ട് ഈശ്വരിയമ്മാൾ, കൃഷ്ണവേണി, രാമി എന്നിവരാണ് കോടതിയിൽ അവകാശവാദം ഉന്നയിച്ചത്. ആ തർക്കം ഇപ്പോഴും തുടരുകയാണ്.
അതേസമയം, നഞ്ചനും കന്തസ്വാമിയും ഓരാളാണെന്ന് സ്ഥാപിക്കാൻ തെളിവുകളൊന്നുമില്ലെന്നും കമീഷൻ അന്വേഷണത്തിൽ കണ്ടെത്തി.പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ മാരിമുത്തു അട്ടപ്പാടി താലൂക്ക് പരിധിയിൽ താമസിക്കുന്ന ആളല്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പേര് ഇബ്രാഹിം എന്നാണെന്നും അട്ടപ്പാടി തഹസിൽദാർ റിപ്പോർട്ട് നൽകി. അതിനാൽ ഗോത്ര കമീഷൻ ചെയർമാൻ ബി.എസ്. മാവോജി മാരിമുത്തുവിന്റെ അപേക്ഷ തള്ളി.
ജോസഫ് കൂര്യൻ ചൂണ്ടിക്കാണിക്കുന്ന ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് പ്രകാരമാണ് കന്തസ്വാമിയുടെ അവകാശികൾക്ക് (1999ലെ നിയമപ്രകാരം ) ഭൂമി അനുവദിച്ചത്. കന്തസ്വാമിയുടെ യാഥാർഥ അവകാശത്തിനായി മൂന്ന് ഭാര്യമാരും മക്കളും തമ്മിലുള്ള തർക്കം തമിവ്നാട്ടിലെയും കേരളത്തിലെയും കോടതികളിൽ തുടരുകയാണ്. മാരിമുത്തു കന്തസ്വമായുടെ പുത്രനല്ല. അദ്ദേഹംത്തിന്റെ സ്കൂൾ രേഖകളിലെ അച്ഛൻ നഞ്ചനാണ്. ഇബ്രാഹിം എന്ന പേരിൽ അറിയപ്പെടുന്ന മാരിമുത്തുവിനെ കന്തസ്വാമിയുടെ മകനായി വേഷം കെട്ടിച്ച് നഞ്ചിയമ്മയുടെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചത് ആരാണ് ? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വിശദമായി അന്വേഷണം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.