കോണ്‍ഗ്രസിന്‍റെ പോരാട്ടവീര്യം പുതുതലമുറക്ക്​ പകര്‍ന്ന് നല്‍കണം -കെ.സുധാകരന്‍

രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറക്ക്​ പകര്‍ന്ന് നല്‍കാനുള്ള ദൗത്യം ഓരോ പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കോണ്‍ഗ്രസിന്‍റെ 137ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തകനും കോണ്‍ഗ്രസിന്‍റെ ജിഹ്വകളായി മാറണം. തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതല്‍ കരുത്താര്‍ജ്ജിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം വിഘടിച്ചുനിന്നിരുന്ന ഒരു ഭൂപ്രദേശത്തെ ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായ ഒരീ ജനാധിപത്യ ശക്തിയായി രൂപപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന്‍റെ സംഭാവന വലുതാണ്.

മതം,ഭാഷ,സംസ്‌കാരം തുടങ്ങി വൈവിധ്യം നിറഞ്ഞ ഒരു ജനതയെ ഒരുമിച്ച് നിര്‍ത്തി രാജ്യത്തെ പരിവര്‍ത്തനത്തിലേക്കും വികസനകുതിപ്പിലേക്കും നയിച്ചത് 75 വര്‍ഷം ഭരണം കയ്യാളിയ കോണ്‍ഗ്രസ് ഭരണാധികാരികളാണ്. രാഷ്ട്രത്തിന്‍റെ ശില്‍പ്പിയായ കോണ്‍ഗ്രസിന്‍റെ ചരിത്രം ആരു വിചാരിച്ചാലും തേച്ചുമാച്ചു കളയാന്‍ കഴിയുന്നതല്ല. അധികാരത്തില്‍ ഇല്ലെങ്കിലും ജനം കോണ്‍ഗ്രസിനെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

മതേതര ജനാധിപത്യ ശക്തികള്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. അഹിംസ എന്ന പുത്തന്‍ സമരമാര്‍ഗത്തിലൂടെ കോണ്‍ഗ്രസ് നിരായുധരായി ബ്രട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന് അറുതിവരുത്തി സ്വതന്ത്ര്യം നേടിയപ്പോള്‍ 33 കോടി ജനത നിരക്ഷരരും വിവസ്ത്രരുമായിരുന്നു. കഴിക്കാന്‍ ഭക്ഷണമില്ല, ശാസ്ത്രമില്ല,വ്യവസായമില്ല.

ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ ആശങ്കയോടെയാണ് അന്ന് ലോകം നോക്കി കണ്ടത്. കോണ്‍ഗ്രസ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണത്തിന്‍റെയും ദിശാബോധത്തിന്‍റെയും ഫലമായി രാജ്യം വ്യവസായ,ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ സ്വയംപര്യാപ്തത കൈവരിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയെ കരുത്തുറ്റ മതേതര ജനാധിപത്യ രാജ്യമാക്കിയ മേന്‍മ അവകാശപ്പെടാന്‍ കഴിയുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ ചേരിതിരുവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കോണ്‍ഗ്രസ് നിലനില്‍ക്കുന്നിടത്തോളം രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക്​ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ സമ്മതിക്കില്ല. ബി.ജെ.പിയെപ്പോലെ സി.പി.എമ്മും അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ടുനടക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്ലാത്തരം വര്‍ഗീയ ശക്തികളെയും സി.പി.എം കൂട്ടുപിടിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യത്ത് ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ എതിരാളി കോണ്‍ഗ്രസ് മാത്രമാണ്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയ സി.പി.എമ്മിന് ബി.ജെ.പിയെ നേരിടാന്‍ ശേഷിയില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സി.പി.എം ഉള്‍പ്പെടെ ശ്രമിക്കുന്നത്. സി.പി.എമ്മിന്‍റെ പല നിലപാടുകളും ബി.ജെ.പിക്ക് സഹായകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ഡി.സി.സി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും സി.യു.സികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സി.യു.സി തലത്തില്‍ ജന്മദിന പദയാത്രകള്‍ നടത്തി. കോണ്‍ഗ്രസ് പിന്നിട്ട 137 വര്‍ഷങ്ങളുടെ പ്രതീകാത്മകമായി 137 പേര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ കോണ്‍ഗ്രസ് പതാകയുമായി അണിനിരന്ന് പ്രതിജ്ഞ എടുത്തു. കെ.പി.സി.സി ആസ്ഥാനത്ത് സേവാദള്‍ വാളന്‍റിയര്‍മാര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തി പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ശാസ്തമംഗലം മണ്ഡലത്തില്‍ നിന്നും മൂന്ന് പദയാത്രകള്‍ കെ.പി.സി.സി ആസ്ഥാനത്ത് എത്തിയ ശേഷമാണ് സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ഡി.സുഗതന്‍ രചിച്ച ഇന്ത്യയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും എന്ന ചരിത്ര പുസ്തകത്തിന്‍റെ പ്രകാശനം കെ.പി.സി.സി പ്രസിഡന്‍റ്​ രമേശ് ചെന്നിത്തലയ്ക്ക് നല്‍കി നിര്‍വഹിച്ചു.

കെ.പി.സി.സി ഭാരവാഹികളായ ജി.എസ് ബാബു,ടി.യു രാധാകൃഷ്ണന്‍, വി. പ്രതാപചന്ദ്രന്‍, പഴകുളം മധു, ജി.സുബോധന്‍,മരിയാപുരം ശ്രീകുമാര്‍, എം.എം നസീര്‍,വി.എസ് ശിവകുമാര്‍,മണക്കാട് സുരേഷ്,വര്‍ക്കല കഹാര്‍,ജോതികുമാര്‍ ചാമക്കാല, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, എം. വിന്‍സന്‍റ്​,ഡി.സി.സി പ്രസിഡന്‍റ്​ പാലോട് രവി, നേതാക്കളായ പന്തളം സുധാകരന്‍,എന്‍.പീതാംബരകുറുപ്പ്, ചെറിയാന്‍ ഫിലിപ്പ്, കെ.മോഹന്‍കുമാര്‍,എം.എ വാഹിദ്,നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The fighting spirit of the Congress should be passed on to the new generation - K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.