തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ഫെബ്രുവരിയിലേക്ക് മാറ്റിയത് മോഹൻലാലിന്റെ സിനിമയായ മരയ്ക്കാറിന്റെ റിലീസ് കാരണമല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. മരക്കാറിന്റെ റിലീസ് കാരണമാണ് ഫെസ്റ്റിവൽ ഫെബ്രുവരിയിലേക്ക് മാറ്റിയതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കമൽ.
കൈരളി തീയേറ്ററിൽ പണികൾ നടക്കുന്നതിനാൽ ഫെസ്റ്റിവെൽ നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്നും ഫെബ്രുവരിക്ക് മുൻപ് പണികൾ പൂർത്തിയാകുമെന്നും കമൽ പറഞ്ഞു. ഫിലിം ഫെസ്റ്റിവെലിന്റെ പ്രധാന വേദി കൈരളി തീയേറ്ററാണ്. ഫെസ്റ്റിവെലിന്റെ പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം അവിടെയാണ് നടക്കുന്നതെന്നും കമൽ പറഞ്ഞു.
ഡെലിഗേറ്റ്സിനും കൈരളി തീയേറ്ററിനോട് വൈകാരികമായ അടുപ്പമാണ് ഉള്ളത്. മുൻ വർഷങ്ങളിൽ പ്രദർശനം നടത്തിയിരുന്ന ധന്യ, രമ്യ തിയേറ്റർ പൊളിച്ചതും ഫെസ്റ്റിവെൽ നീട്ടാൻ കാരണമായെന്ന് കമൽ പറഞ്ഞു.
ഡിസംബർ 10ന് മേള തുടങ്ങാനാണ് നേരത്തെ ആലോചിച്ചതെങ്കിലും മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ ചലച്ചിത്രമേളക്ക് തീയറ്ററുകൾ ലഭിക്കാത്ത സ്ഥിതിയുണ്ടായതാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാൻ കാരണമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൈരളി, ശ്രീ, നിള, കലാഭവൻ, ന്യൂ, കൃപ, പത്മനാഭ ഉൾപ്പെടെ 12 തീയേറ്ററുകളാണ് ഇത്തവണ ഫിലിം ഫെസ്റ്റിവെലിന്റെ വേദിയെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.