തിരുവനന്തപുരം: ജോലിക്ക് ഹാജരാകാതെ ഹാജർ ബുക്കിൽ വെട്ടിത്തിരുത്തൽ വരുത്തി കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഇടുക്കി ജില്ല ഓഫിസിലെ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാകാതെ ഹാജർ ബുക്കിൽ ഒപ്പിടുന്നതായി പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന് ഓഫിസിൽ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിലാണ് ജോലിക്ക് ഹാജരാകാതെ ഒപ്പിടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ നൽകിയത്.
ഇടുക്കി ഓഫിസിൽ നടത്തിയ പരിശോധനയിൽ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എം.വി സിനി 2021 നവംബർ മൂന്ന്, ഡിസംബർ എട്ട്, ഒമ്പത്, പത്ത്, 2022 ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ ക്യാമ്പ് ഇൻസ്പെക്ഷൻ എന്നും 27 മുതൽ 29 വരെ ദിവസങ്ങളിൽ സൈറ്റ് വെരിഫിക്കേഷനെന്നും രേഖപ്പെടുത്തി ഹാജർ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണത്തിൽ ഈ തീയതികളിൽ നടത്തിയ വേരിഫിക്കേഷന്റെ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടപ്പോൾ തയാറാക്കിയിട്ടില്ലെന്ന് മറുപടി നൽകി.
യഥാർഥത്തിൽ ഈ തീയതികളിൽ പ്രോഗ്രാം നടത്തിയിട്ടുള്ളതായി രേഖകൾ ഒന്നും തന്നെയില്ല. കാഷ്വൽ ലീവിന്റെ വിവരം ഹെഡ് ഓഫിസിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുമില്ല. 2022 ജനുവരി മാസത്തിലെ ഹജർ രജിസ്റ്ററിൽ പരാതിയിൽ ഉന്നയിച്ച പ്രകാരം തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. അതുപോലെ ടൂർ ഡയറിയിൽ 2022 ജനുവരി 27, 28, 29 ദിവസങ്ങളിൽ ഏതെങ്കിലും പരിശോധനയിൽ പങ്കെടുത്തതായി ഈ രേഖപ്പെടുത്തിയിട്ടില്ല.
സിനി 2022 ജനുവരി 27, 28, 29 തീയതികളിൽ ഇടുക്കി ജില്ലാ ഓഡിറ്റ് ഓഫിസിലെ ഹാജർ പുസ്തകത്തിൽ വെട്ടിത്തിരത്തലുകൾ വരുത്തിയിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ഈ ദിവസങ്ങളിൽ ഫീൽഡ്തല പരിശോധന നടത്തിയെന്ന് ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിൽ വകുപ്പ് തലത്തിൽ വിശദമായ പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
വകുപ്പ് മേധാവി ഡി. സാങ്കി 2021 ഒക്ടോബർ മാസം ഹാജർ പുസ്തകത്തിൽ ഒപ്പിടുകയോ അവധി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇത് സർക്കാർ ജീവനക്കാർക്ക് ബാധകമായ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. 2021 ഒക്ടോബർ മാസത്തിൽ ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബർ മാസം ഓഫിസിൽ ഹാജരാകാതിരുന്നത് സംബന്ധിച്ച് ഭരണ വകുപ്പ് അദ്ദേഹത്തിൽനിന്ന് വിശദീകരണം വാങ്ങണമെന്നും അക്കാര്യത്തിലും ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ എല്ലാ ഓഫിസുകളിലും ക്യാമ്പ് ഇൻസ്പെക്ഷൻ -സൈറ്റ് വെരിഫിക്കേഷൻ എന്നിവക്ക് കൃത്യമായ രേഖകൾ- ഷെഡ്യൂൾ മുൻകൂട്ടി തയാറാക്കണം. അതനുസരിച്ചാണ് ക്യാമ്പ് ഇൻസ്പെക്ഷൻ സൈറ്റ് വെരിഫിക്കേഷൻ നടത്തേണ്ടത്. വകുപ്പിന്റെ ഡയറക്ടറേറ്റിലും ജില്ല ഓഫിസുകളിലും ആധാർ അധിഷ്ഠിത പഞ്ചിങ് സിസ്റ്റം നടപ്പാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. സമാന്തരമായി ഡയറക്ടറേറ്റിലും ജില്ല ഓഫിസിലും ഹാജർ ബുക്കിന്റെ പരിപാലനവും ചട്ടപ്രകാരം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും വകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്നു റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.