കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി ശബരിമല വികസനത്തെയും ബാധിക്കുന്നു. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ പരിമിതികൾ ശബരിമലയിൽ പ്രകടമാണ്.
ക്ഷേത്രവരുമാനം കുറഞ്ഞതും ബോർഡിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന നിലയിലാണ് കാര്യങ്ങൾ. മതിയായ ഫണ്ടില്ലാത്തതിനാൽ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയ അഞ്ച് പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. മാളികപ്പുറം മേൽപാലം, പുതിയ അരവണ പ്ലാന്റ്, കുന്നാർ തടയണയിൽനിന്നുള്ള പൈപ്പ് ലൈൻ, നിലയ്ക്കൽ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിങ്ങനെ ശബരിമലയുടെ വികസനത്തിനും തിരക്ക് ഒഴിവാക്കുന്നതിനുമുൾപ്പെടെ ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്.
അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈവർഷം തന്നെ പണി ആരംഭിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനായി ചെലവഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ബോർഡ് എന്ന നിലയിലാണ് കാര്യങ്ങൾ. നിർദിഷ്ട മാളികപ്പുറം - ചന്ദ്രാനന്ദൻ റോഡ് മേൽപാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാൻ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തി. കെൽ മുൻകൂർ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ഏൽപിച്ചു. തുടർനടപടികളുണ്ടായിട്ടില്ലെന്ന് ബോർഡ് വൃത്തങ്ങൾ സമ്മതിക്കുന്നു.
പമ്പ പാലം രൂപരേഖ തയാറാക്കാൻ ബംഗളൂരു ആസ്ഥാനമായ സ്പേസ് ആർക്കിനെ ചുമതലപ്പെടുത്തി ആദ്യഘട്ടമായി 15 കോടി രൂപയും അനുവദിച്ചു. എന്നാൽ, മുഴുവൻ തുകയും വകയിരുത്താത്തതിനാൽ ടെൻഡർ നടപടികൾ നടന്നില്ല. പുതിയ അപ്പം-അരവണ പ്ലാന്റിന് 15 കോടിയാണ് ഉദ്ദേശിച്ചത്. ആദ്യ ഘട്ടമായി ആറുകോടി അനുവദിച്ചു. ഈ വിഷയത്തിലും ഒന്നും നടന്നില്ല. കുന്നാർ തടയണയിൽനിന്ന് വെള്ളം എത്തിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ രണ്ടുകോടി കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു. എന്നാൽ, രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള പൈപ്പ് ലൈനിന്റെ പണിയും ആരംഭിച്ചില്ലെന്ന നിലക്കാണ് കാര്യങ്ങൾ. എട്ടുകോടി ചെലവിൽ നിർമിക്കുന്ന നിലയ്ക്കൽ സുരക്ഷ ഇടനാഴിയും ആദ്യഘട്ട ഫണ്ട് അനുവദിച്ചതിൽ മാത്രം ഒതുങ്ങി. സാമ്പത്തിക പ്രതിസന്ധി പ്രശ്നമായി നിൽക്കുന്നെന്നാണ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.