തൃശൂർ: വന്യജീവികളെ മയക്കുവെടി വെക്കുന്നതിലും ജനവാസ മേഖലകളിൽനിന്ന് മാറ്റുന്നതിലും കണക്കുകൂട്ടലുകൾ പിഴച്ച് വനംവകുപ്പ്. വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ തണ്ണീർ കൊമ്പനും കഴിഞ്ഞ ദിവസം കണ്ണൂർ കൊട്ടിയൂരിലിറങ്ങിയ കടുവയും മയക്കുവെടി വെച്ചതിന് പിന്നാലെ ചത്തതോടെ പരിസ്ഥിതി-വന്യജീവി പ്രവർത്തകർ വകുപ്പിനെതിരെ നിശിത വിമർശനമാണ് ഉയർത്തുന്നത്.
വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുമ്പോൾ നാട്ടുകാരിൽനിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾക്ക് വഴങ്ങി നടപടിക്രമങ്ങൾ പാലിക്കാതെയാണ് വനംവകുപ്പ് വന്യജീവികളെ കൈകാര്യം ചെയ്യുന്നതെന്നാണ് പ്രധാന ആക്ഷേപം. മുൻകാലങ്ങളിൽ ഇല്ലാത്തവിധം വന്യജീവികൾ നാട്ടിലേക്ക് എത്തുന്നതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താനോ പരിഹരിക്കാനോ ഒരു ശ്രമവും വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനവും ശക്തമാണ്.
മതിയായ തീറ്റയും വെള്ളവും ലഭിച്ചാൽ സാധാരണ നിലയിൽ ആനകൾ നാട്ടിലേക്ക് ഇറങ്ങില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അധിനിവേശ സസ്യങ്ങളുടെ അതിപ്രസരം വനമേഖലയിൽ ആനകളുടെ ഭക്ഷണലഭ്യത ഗണ്യമായി കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ആനകൾക്ക് മതിയായ ഭക്ഷണം ലഭ്യമാക്കുന്നതിന് പകരം ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ ഫെൻസിങ് ആണ് ഏക പരിഹാരം എന്ന രീതിയിലാണ് വനംവകുപ്പ് പലപ്പോഴും പ്രവർത്തിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതും.
നാട്ടിലേക്ക് ഇറങ്ങുന്ന വന്യജീവികളെ കൊന്നൊടുക്കണമെന്ന വാദഗതിയിലേക്ക് നാട്ടുകാർ മാറുന്ന ദയനീയ സാഹചര്യം കേരളത്തിലുണ്ടെന്നും മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ അനിമൽ ലീഗൽ ഫോഴ്സിന്റെ ജനറൽ സെക്രട്ടറി എയ്ഞ്ചൽസ് നായർ പറയുന്നു. സസ്യഭുക്കുകളായ മറ്റു മൃഗങ്ങൾക്കും ഭക്ഷണദൗർലഭ്യം നേരിടുന്നുണ്ട്. ഇവയുടെ എണ്ണത്തിൽ കുറവ് വന്നാൽ അവയെ ഭക്ഷണമാക്കുന്ന കടുവയും പുലിയുമെല്ലാം കാടിന് പുറത്ത് വരും.
ഇപ്പോഴും വനം കൈയേറ്റം വ്യാപകമായി നടക്കുന്നുണ്ട്. ടൂറിസത്തിന്റെയും മറ്റും ഭാഗമായി വനാന്തർഭാഗങ്ങളിലേക്ക് എത്തുന്ന മനുഷ്യരുടെ എണ്ണം കൂടിയിട്ടുണ്ട്. കഞ്ചാവ് കൃഷിയിലും മറ്റും ഏർപ്പെടുന്ന സംഘങ്ങൾ വന്യമൃഗങ്ങളെ കാട്ടിൽനിന്ന് തുരത്തിയോടിക്കുന്ന സാഹചര്യമുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം സമഗ്രമായി വിലയിരുത്തപ്പെടണമെന്നും എയ്ഞ്ചൽസ് നായർ പറഞ്ഞു. കഴിഞ്ഞ വർഷം നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായാണ് കണ്ടെത്തിയത്. മേയ് മാസം എടുത്ത കണക്ക് പ്രകാരം 1402 ആനകളുടെ കുറവാണ് 2017നെ അപേക്ഷിച്ച് ഉണ്ടായത്. സർക്കാർ കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 84 കടുവകളാണ് വയനാട്ടിലുള്ളത്. 2018ൽ 120 കടുവകൾ ഉണ്ടായിരുന്നു. അഞ്ചു വർഷത്തിനിടെ 30 ശതമാനത്തിന്റെ കുറവാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.