തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിെൻറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫാക്ട് ചെക് ഡിവിഷെൻറ ഘടനയും പ്രവർത്തനങ്ങളും സർക്കാർ പൊളിച്ചെഴുതി. ഇനിമുതൽ പത്രം, ടി.വി, റേഡിയോ, ഓൺലൈൻ മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കേണ്ടതില്ലെന്നും സമൂഹ മാധ്യമങ്ങളിൽ വരുന്ന സന്ദേശങ്ങൾ, വിഡിയോ, ചിത്രം, ഓഡിയോ എന്നിവ മാത്രം പരിശോധിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഇതുസംബന്ധിച്ച സർക്കുലർ വ്യാഴാഴ്ച പുറത്തിറങ്ങി.
സംസ്ഥാന സർക്കാറിെൻറയും വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും (ഏജൻസികൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമീഷനുകൾ ഉൾപ്പെടെ) ഉദ്യോഗസ്ഥരുടെയും പ്രവർത്തനത്തെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതോ പൊതുജീവിതത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ സമൂഹമാധ്യമ പോസ്റ്റുകൾ കണ്ടെത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
പരിശോധിക്കുന്ന പോസ്റ്റുകളെ അവയുടെ പ്രാധാന്യം വിലയിരുത്തി ചുവപ്പ്, പച്ച, വെള്ള വിഭാഗങ്ങളായി തിരിക്കണം. സർക്കാറിനെയോ പൊതുജീവിതത്തെയോ ദോഷകരമായി ബാധിക്കുന്നതും അതിഗൗരവമുള്ളതും തെറ്റിദ്ധാരണജനകവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇവ പരിശോധിച്ച് നിജസ്ഥിതി പത്രക്കുറിപ്പ്/പ്രതികരണമായി നൽകാനുള്ള അധികാരം വകുപ്പ് സെക്രട്ടറിക്കാണ്. കൂടുതൽ പ്രാധാന്യമുള്ളവക്ക് ചീഫ് സെക്രട്ടറിയുടെ അംഗീകാരം വാങ്ങണം.
പച്ച വിഭാഗങ്ങളിലുള്ളവയുടെ നിജസ്ഥിതി കണ്ടെത്തി പത്രക്കുറിപ്പ്/ പ്രതികരണമായി നൽകാനുള്ള അധികാരം ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർക്കാണ്. ഈ പത്രക്കുറിപ്പ്/പ്രതികരണം അതത് വകുപ്പു മേധാവി നൽകണം.
വെള്ള വിഭാഗത്തിൽപ്പെടുന്ന പോസ്റ്റുകൾക്ക് പ്രതിരോധിച്ചോ എതിർത്തോ പത്രക്കുറിപ്പ്/പ്രതികരണം നൽകേണ്ടതില്ലെന്നും സർക്കുലറിലുണ്ട്.
ജില്ലതലത്തിൽ പ്രാധാന്യമുള്ളവക്ക് കലക്ടറുടെ അന്തിമ അംഗീകാരം വേണം. നോഡൽ ഓഫിസർമാരുള്ള വകുപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫാക്ട് ചെക് കോൺടാക്ട് ഓഫിസറായി നിയോഗിക്കണം. നോഡൽ ഓഫിസ് ഇല്ലാത്ത വകുപ്പുകൾ/സ്ഥാപനങ്ങൾ ജോയൻറ് സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണം.
പൊളിച്ചെഴുത്തിനു പിന്നിൽ 'മാധ്യമം' വാർത്ത
സർക്കാറിനെതിരായ വാർത്തകൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 2020 ഏപ്രിലിലാണ് മുഖ്യമന്ത്രിയുടെ വകുപ്പിനു കീഴിൽ ഐ ആൻഡ് പി.ആർ.ഡി സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 'ഫാക്ട് ചെക് കേരള' എന്ന പേരിൽ ഡിവിഷൻ ആരംഭിച്ചത്. എന്നാൽ, സത്യസന്ധമായ വാർത്തകളെപ്പോലും 'വ്യാജ'മെന്ന് ചാപ്പകുത്തി കൂച്ചുവിലങ്ങിടുകയായിരുന്നു ഉദ്യോഗസ്ഥർ. മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പിനെതിരെ 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത വ്യാജമെന്ന് ചാപ്പകുത്തിയതോടെയാണ് ഡിവിഷെൻറ പ്രവർത്തനം ചോദ്യംചെയ്യപ്പെട്ടത്. തുടർന്ന് പോസ്റ്റ് പിൻവലിച്ച് സർക്കാർ തടിതപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.