കട്ടപ്പന: നഗരത്തിലെ പഴയതും പുതിയതുമായ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ നഗര ഹൃദയത്തിലെ മൂന്നേക്കറിലധികം ഭൂമി കൈയേറ്റം തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവ്. വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന മൂന്നേമുക്കാൽ ഏക്കർ ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കി ഇടുക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കൈയേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്. ഇപ്പോൾ ഈ ഭൂമിയിൽ 500 കോടിയിലധികം വിലവരുന്ന കെട്ടിടങ്ങളുണ്ട്. ഇവയുടെ ഭൂരേഖകൾ റദ്ദ് ചെയ്യാനും ഭൂമിയും കെട്ടിടങ്ങളും തിരിച്ചുപിടിക്കാനുമാണ് ഉത്തരവിട്ടിരിക്കുന്നത്. കട്ടപ്പന മറ്റപ്പള്ളി ത്രേസ്യാമ്മ ചാണ്ടിയുടെ പേരിലുള്ള കട്ടപ്പന ടൗൺഷിപ് 20- ൽ വരുന്ന തണ്ടപ്പർ റദ്ദ് ചെയ്യാനും പഴയ തണ്ടേപ്പർ 850 പ്രകാരം എൽ.എ 71/69 നമ്പർ പട്ടയത്തിൽ നിന്നുള്ള എല്ലാ പോക്ക് വരവുകളും ഇപ്പോഴത്തെ കക്ഷികളെ നേരിൽ കേട്ടശേഷം റദ്ദ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കാനും ഇടുക്കി റവന്യൂ ഡിവിഷനൽ ഓഫിസർക്കാണ് കലക്ടർ നിർദേശം നൽകിയിരിക്കുന്നത്.
ബസ് സ്റ്റാൻഡും വ്യാപാര സമുച്ഛയങ്ങളുമുൾെപ്പടെ 500 കോടിയിലധികം രൂപ ഈ സ്ഥലത്തിന് വിലമതിക്കും. കഴിഞ്ഞ 35 വർഷമായി കരം സ്വീകരിച്ചിരുന്ന ഭൂമിയും ഇതിൽ ഉൾപ്പെടും.
വില്ലേജ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ വ്യക്തി തണ്ടപ്പേരും രേഖകളും സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. റീസർവേയുടെ ഭാഗമായി ലാൻഡ് റവന്യൂ കമീഷണർ വില്ലേജ് രേഖകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
1969ൽ നെടുങ്കണ്ടം ഭൂപതിവ് ഓഫിസിൽനിന്ന് പട്ടയം കിട്ടിയെന്നാണ് സ്വകാര്യ വ്യക്തിയുടെ വാദം. പക്ഷേ ആ കാലത്ത് ഈ വില്ലേജ് പരിധിയിലുള്ളവർക്ക് പട്ടയം നൽകിയിരുന്നത് പീരുമേട് ഓഫിസിൽ നിന്നാണ്. അസ്സൽ പട്ടയമോ, കരമടച്ച രസീതോ കാണിക്കാനായില്ല. സർക്കാർ നടപടി തുടങ്ങിയതോടെ സ്ഥലം തിരിച്ചുപിടിക്കാൻ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചു. നീണ്ട പതിനഞ്ച് വർഷത്തിന് ശേഷം സർക്കാറിന് അനുകൂലമായി കോടതി വിധി വന്നു. തുടർന്ന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുകയും കലക്ടറുടെ നിർദേശപ്രകാരം തണ്ടപ്പേർ റദ്ദാക്കുകയുമായിരുന്നു.
വില്ലേജ് രജിസ്റ്ററിലെ ഭൂരേഖകൾ കീറിമാറ്റിയാണ് അന്നത്തെ ഉദ്യോഗസ്ഥർ കൈയേറ്റത്തിന് കൂട്ടുനിന്നത് എന്നാണ് സംശയിക്കുന്നത്. ഇത് ചെയ്യാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ ആരെല്ലമാണെന്ന് കണ്ടെത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനും കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.