ആലുവ: നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തെറ്റ് ചെയ്തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച് കേസിൽ കൂടുതൽ ശക്തമായ ഇടപെടലുകളുണ്ടാവുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.
ആലുവയിലെ മൂഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു പി.രാജീവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ മൂഫിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
മൂഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് റൂറൽ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഡിവൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഭർത്താവിനും ഭർത്താവിന്‍റെ മാതാപിതാക്കൾക്കും ആലുവ സി.ഐ സി.എൽ സുധീറിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുള്ള കുറിപ്പെഴുതി വെച്ചാണ് നിയമ വിദ്യാർഥിയായ മൂഫിയ പർവീൺ ജീവനൊടുക്കിയത്. സ്ത്രീധനമാവശ്യപ്പെട്ട് ഭർത്താവും കുടുംബവും പീഡിപ്പിച്ചതിനെ തുടർന്നാണ് മൂഫിയ പൊലീസിനെ സമീപിച്ചത്. എന്നാൽ, ആലുവ സി.ഐ മൂഫിയയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.