നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ബൊക്കെ നൽകി സ്വീകരിക്കുന്നു . സ്പീക്കർ എ.എൻ. ഷംസീർ സമീപം (ചിത്രം: മുസ്തഫ അബൂബക്കർ)

ഗവർണറുടെ അസാധാരണ നീക്കം; ഒരു മിനിറ്റിൽ ഒതുക്കി നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: ഒരു മിനിറ്റ് 17 സെക്കൻഡ് മാത്രം നയപ്രഖ്യാപന പ്രസംഗം നടത്തി ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കം കുറിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തുടക്കവും ഒടുക്കവും മാത്രം വായിച്ചായിരുന്നു ഗവർണറുടെ അസാധാരണ നീക്കം. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണിത്.


ആമുഖമായി ഒരു വരിയും അവസാന ഒരു പാരഗ്രാഫും മാത്രമാണ് നയപ്രഖ്യാപനത്തിന്‍റെ ഭാഗമായി നിയമസഭയിൽ ഗവർണർ വായിച്ചത്. 'രാജ്യത്തെ സഹകരണ ഫെഡറലിസവും മതേതരത്വവും സാമൂഹ്യ നീതിയും നിലനിർത്തി രാജ്യത്തെ വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ടു പോകാൻ കഴിയണമെന്ന' ഭാഗമാണ് ഗവർണർ അവസാനമായി വായിച്ചത്.

നിയമസഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എ.എൻ. ഷംസീറും മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്‍റികാര്യ മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് ദേശീയ ഗാനത്തിന് ശേഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ആദ്യം സ്പീക്കറെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും എം.എൽ.എമാരെയും അഭിസംബോധന ചെയ്തു.


കേരള നിയമസഭയിൽ നയപ്രഖ്യാപന നടത്തുക എന്നത് തന്‍റെ വിശേഷാധികാരമാണെന്ന് ഗവർണർ വ്യക്തമാക്കി. ശേഷം അവസാന പാരഗ്രാഫ് വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. അവസാന പാരഗ്രാഫ് വായിച്ച ശേഷം ജയ് ഹിന്ദ് പറഞ്ഞ് ഗവർണർ പ്രസംഗം അവസാനിപ്പിച്ചു. പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചതോടെ സ്പീക്കർ ഗവർണറെയും ഭരണ, പ്രതിപക്ഷ ബെഞ്ചുകളെയും ആശ്ചര്യത്തോടെ നോക്കുകയും ചെയ്തു.

അവാസാനമായി ദേശീയ ഗാനം മുഴക്കിയതോടെ സ്പീക്കറെയോ മുഖ്യമന്ത്രിയെയോ കാത്തുനിൽക്കാതെ നിയമസഭക്കുള്ളിൽ നിന്ന് ഗവർണർ പുറത്തേക്ക് പോവുകയും ഔദ്യോഗിക വാഹനത്തിൽ രാജ്ഭവനിലേക്ക് തിരിക്കുകയും ചെയ്തു.


അതേസമയം, ജനുവരി 29, 30, 31 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കു ശേഷം ഫെബ്രുവരി അഞ്ചിന് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായാൽ നേരത്തേ പിരിയാനും സാധ്യതയുണ്ട്.


2024ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബില്‍, 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, 2024ലെ കേരള പഞ്ചായത്തീരാജ് (ഭേദഗതി) ബില്‍ എന്നിവയാണ് സമ്മേളന കാലത്ത് പരിഗണിക്കാനിടയുള്ള പ്രധാന ബില്ലുകൾ.



Tags:    
News Summary - The Governor Arif mohammad khan made a policy announcement speech for only one minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.