കോഴിക്കോട്: വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കുന്നതിന് ഒളകരയിലെ ആദിവാസികൾ പോരാട്ടം തുടങ്ങിയട്ട് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളമായി. മന്ത്രി കെ. രാജൻ നിർദേശം നൽകിയിട്ടും ഒളകരയിൽ ഭൂമി ലഭിച്ചില്ല. വനംവകുപ്പ് ഉയർത്തുന്ന തടസവാദങ്ങൾ കാരണം ആദിവാസികൾക്ക് വനാവകാശം നിഷേധിക്കുകയാണെന്നാണ് ആദിവാസികളുടെ ആക്ഷേപം. മന്ത്രിമാരായ കെ. രാജനും കെ. രാധാകൃഷ്ണൻ എന്നിവരുടെ നിർദേശത്തെ തുടർന്നായിരുന്നു 2022ൽ ഭൂമി സർവേ നടത്തിയത്.
സർവേ നടത്തിയ സ്ഥലം മുൻ കലക്ടർ ഹരിത വി. കുമാർ സന്ദർശിച്ചതോടെ ഭൂമി വിതരണം ചെയ്യുമെന്ന് ആദിവാസികൾ പ്രതീക്ഷിച്ചു. ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള നിയമതടസങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോളനിവാസികൾക്ക് കലക്ടർ അന്ന് ഉറപ്പും നൽകി. ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി നൽകുന്നതിനായി വനത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. സർവേ പൂർത്തിയാക്കിയ വനഭൂമിയിലെ താളിക്കുഴി, കരികാളി അമ്പലം, ആനക്കുഴി, ശ്മശാനം എന്നീ സ്ഥലങ്ങളാണ് കലക്ടർ സന്ദർശിച്ചത്.
ആദിവാസികൾക്ക് അനുവദിച്ച വനഭൂമി വനത്തിനുള്ളിലായതിനാൽ വന്യമൃഗശല്യമില്ലാതെ താമസിക്കുന്നതിനായി ഊരിനോട് ചേർന്നുള്ള സ്ഥലം നൽകണമെന്ന ആവശ്യം ഊര് നിവാസികൾ കലക്ടറെ അറിയിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങളിലും അടിയന്തര വിഷയങ്ങളിലും ഉടൻ പരിഹാരം കാണുമെന്ന് കലക്ടർ ഉറപ്പ് നൽകി. പിന്നീടും വനംവകുപ്പിൽനിന്ന് ഏറെ തടസങ്ങളാണുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആദിവാസികൾക്ക് ഭൂമി വിട്ടു നൽകാൻ താൽപ്പര്യമുണ്ടായിരുന്നില്ല. അതിനാൽ തടസവാങ്ങൾ ഉന്നയിച്ചു.
പാർലമെന്റിൽ 2006ൽ വനാവകാശ നിയമം പാസാക്കിയതോടെ വേട്ടയാടൽ ഒഴുകിയുള്ള എല്ലാ അവകാശവും വനഭൂമിയിൽ ആദിവാസികൾക്ക് ലഭിച്ചു. ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിച്ചു കൊടുക്കുകയാണ് ഉദ്യോഗസ്ഥന്മാരുടെ കടമ. കൈവശമുള്ള ഭൂമി ആർക്കൊക്കെ എങ്ങനെയൊക്കെ അവകാശം ഉണ്ട് എന്ന് പറയാനുള്ള അധികാരം ഗ്രാമസഭക്കാണ്. ഗ്രാമസഭ അംഗീകരിച്ച ആവശ്യങ്ങൾ താലൂക്ക് തല സമിതിക്ക് പരിശോധിക്കാം. അത് സർവേ ചെയ്ത് മാപ്പ് തയാറാക്കി ജില്ലാസമിതിക്ക് സമർപ്പിക്കണം.
നിയമപ്രകാരം സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിക്ക് പോലും ഗ്രാമസഭക്കുമേൽ അധികാരമില്ല. ഗ്രാമസഭ എടുത്ത തീരുമാനങ്ങൾ അവസാന വാക്കാണ്. താലൂക്ക് തല കമ്മിറ്റിക്ക് അപാകത ചൂണ്ടിക്കാണിക്കാൻ കഴിയും. ജില്ലാതല കമ്മിറ്റി പേപ്പറുകൾ മാത്രമാണ് പരിശോധിക്കുന്നത്. റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വെരിഫിക്കേഷൻ അധികാരമില്ല. വനാവകാശ കമ്മറ്റി നോട്ടീസ് നൽകുമ്പോൾ ഉദ്യോഗസ്ഥർ ഗ്രാമസഭ വളിക്കുന്ന വനാവകാശം സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാം.
ആദിവാസികൾക്ക് അവകാശമുണ്ടോ അല്ലെങ്കിൽ യോഗ്യതയുണ്ടോ എന്നതിന് രണ്ട് തെളിവാണ് ഹാജരാക്കേണ്ടത്. അവർ ജീവിച്ച പ്രദേശത്തെ കിണർ, വർഷങ്ങളായി ജീവിക്കുന്നതിന് തെളിവായി പ്ലാവ്, മാവ്, മറ്റ് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതിന്റെ ചരിത്രം. ഇങ്ങനെ പലതും ഹാജരാക്കാം. വനം കൈയേറ്റക്കാരാണെന്ന് നേരത്തെ കേസ് ഉണ്ടെങ്കിൽ അതും തെളിവായി പരിഗണിക്കണം.
ഒളകരയിലെ ആദിവാസികൾക്ക് തലമുറകളായി അവകാശം ഉണ്ടായിട്ടും വനാവകാശം നൽകിയിട്ടില്ല. അവർ വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന ഗോത്രവിഭാഗമാണ്. എന്നാൽ, ആദിവാസികൾക്ക് വനഭൂമി നൽകുന്നതിനെതിരെ വനംവകുപ്പ് തടസവാദങ്ങൾ ഉന്നയിക്കുകയാണ്. വനാവകാശ നിയമം ലംഘിക്കുന്നത് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അക്കൗണ്ടൻറ് ജനറൽ (എ.ജി) റിപ്പോർട്ട് നൽകിയിരുന്നു. സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വനാവകാശം പഠിപ്പിക്കണമെന്നായിരുന്നു റിപ്പോർട്ടിൽ അടിവരയിട്ട് പറഞ്ഞത്. ഒളകരയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വനവാകാശനിയമത്തിൻറെ സത്തയെന്തെന്ന് അറിയില്ല, അതിനാലാണ് തടസവാദം ഉന്നയിക്കുതെന്ന് ആദിവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.