ഭൂമാഫിയക്ക് സ്കെച്ചും പ്ലാനും: അട്ടപ്പാടി ഹെഡ് സർവയറെ സസ്പെന്റ് ചെയ്തു

കോഴിക്കോട് : അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലെ ഹെഡ് സർവയറെ സസ് പെന്റ് ചെയ്തു. ഹെഡ് സർവേയർ ആയ എസ്.പി. ഷെറിയെ ആണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർവെയും ഭൂരേഖയും ഡയറക്ടർ സീറാം സാംബശിവറാവു ഉത്തരവായത്. പുഴ പുറമ്പോക്ക്, റോഡ് പുറമ്പോക്ക്, വനഭൂമി, ആദിവാസി ഭൂമി എന്നിവ സ്വകാര്യ റിസോർട്ട് മാഫിയകളുടെ പേരിൽ സർവേ രേഖ തയാറാക്കി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

പാലക്കാട് സർവേ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി നവംബർ 11 റിപ്പോർട്ട് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. താലൂക്കിലെ ഫയൽ (ടി.എൽ.കെ എ.ടി.പി / 752/ 2024/ എൽ.ആർ ഒന്ന്) പരിശോധിച്ചതിൽ രഹ്ന ബിജോയ് തുടങ്ങിയവരുടെ അപേക്ഷയും ഹൈകോടതിയുടെ ഉത്തരവും പ്രകാരം അഗളി വില്ലേജിലെ സർവേ നമ്പർ 386ൽ പെട്ട "സർക്കാർ പുറമ്പോക്ക് പുഴ" എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലവും കൂടെ ചേർത്ത് അപേക്ഷകരുടെ പേരിൽ സബ്ഡിവിഷൻ റിക്കോർഡുകൾ തയാറാക്കി എന്ന് കണ്ടെത്തി. ഈ നടപടി 2024 ആഗസ്റ്റ് 13ന് അട്ടപ്പാടി ഭൂരേഖ തഹസിൽദാർ തള്ളി. ഹെഡ് സർവേയറുടെ നടപടി ഗുരുതര കുറ്റകൃത്യമായി തഹസിൽദാർ ഫയലിൽ രേഖപ്പെടുത്തി.

 

താലൂക്കിലെ മറ്റൊരു ഫയലിൽ (ടി.എൽ.കെ എ.ടി.പി / 935/ 2023/ എൽ.ആർ ഒന്ന്) പരിശോധിച്ചത് ലീലാമണിയുടെ അപേക്ഷയാണ്. കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1326/4ൽ പെട്ട "സംസ്ഥാനം" എന്ന രേഖപ്പെടുത്തിയിരിക്കുന്ന ഭൂമി ലീലാമണിയുടെ പേരിൽ ചേർത്ത് നികുതിയടച്ച് നൽകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഈ അപേക്ഷയോടൊപ്പം തന്നെ ഹെഡ് സർവേറും ഡെപ്യൂട്ടി തഹസിൽദാരും സീൽ പതിച്ച സ്കെച്ചും സമർപ്പിച്ചു.

ലീലാമണിയുടെ അപേക്ഷ സർവേയർക്ക് നൽകിയിരുന്നില്ല. സർവേയർ ഫീൽഡ് പരിശോധിച്ചതായും കണ്ടെത്തിയില്ല. പക്ഷെ ഹെഡ് സർവേയറും ഡെപ്യൂട്ടി തഹസിൽദാരും ഒപ്പിട്ട സീൽ പതിച്ച സ്കെച്ചാണ് അപേക്ഷക സമർപ്പിച്ചു. അപേക്ഷയിൽ താലൂക്ക് സർവേയറെ കൊണ്ട് അളന്നു നോക്കി ഭൂരേഖ തയാറാക്കി എന്നും രേഖപ്പെടുത്തി. അപേക്ഷ ലഭിക്കാതെ തന്നെ ഹെഡ് സർവേയർ ഒപ്പിട്ട സ്കെച്ച് നൽകിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

 

താലൂക്കിലെ ഫയൽ (ടി.എൽ.കെ എ.ടി.പി/ 1272/ 2024/ എൽ.ആർ ഒന്ന്) പരിശോധിച്ചതിൽ അപേക്ഷ നൽകിയത് ദണ്ഡപാണിയാണ്. അപേക്ഷ പ്രകാരം പുതൂർ വില്ലേജിൽ സർവേ നമ്പർ 805, 820 എന്നിവ എ ആൻഡ് ബി രജിസ്റ്ററിൽ "വരഗാർ പുഴ" എന്നും ജന്മിയായി "ഏറാൽപ്പാട് രാജാ" എന്നും രേഖപ്പെടുത്തിയ ഭൂമിക്കാണ് റിപ്പോർട്ട് തയാറാക്കിയത്. ദണ്ഡപാണിയുടെ പേരിലും സബ്ഡിവിഷൻ ചെയ്ത് രേഖ തയാറാക്കി. ഇത് അംഗീകരിച്ച് തഹസിൽദാർ നടപടി സ്വീകരിച്ചില്ല.

പിന്നീട് താലൂക്കിലെ ഫയലിൽ (ടി.എൽ.കെ എ.ടി.പി/ 495/ 2024/ എൽ.ആർ ഒന്ന്) പരിശോധിച്ചത് നബീസയുടെ അപേക്ഷയാണ്. പാടവയിൽ വില്ലേജിൽ സർവേ നമ്പർ 721 പാർട്ടിൽ ഉൾപ്പെട്ട "ഭൂസ്ഥിതി പുഴ" എന്ന് രേഖപ്പെടുത്തിയ ഭൂമി നബീസയുടെ പേരിൽ മാറ്റാനാണ് അപേക്ഷ നൽകിയത്.

അതുപ്രകാരം സർവേയറുടെ പരിശോധനാ റിപ്പോർട്ട് പരിഗണിച്ച് ഹെഡ് സർവേയർ ഒപ്പിട്ട് സബ് ഡിവിഷൻ റിപ്പോർട്ട് തയാറാക്കി. ഹെഡ് സർവേയറുടെ ഈ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ഈ അപേക്ഷ തഹസിൽദാർ തള്ളി. ഈ വിഷയത്തിലെല്ലാം വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഉത്തരവിൽ പറയുന്നു.

 

ഈ ക്രമക്കേടുകൾക്ക് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലെ ഹെഡ് സർവേയർ എസ്.പി. ഷെറിക്ക് വ്യക്തമായ പങ്കുണ്ടെന്ന് പാലക്കാട് സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ അടിവരയിട്ട് രേഖപ്പെടുത്തി. ഷെറിയുടെ ഈ പ്രവർത്തനം ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിശ്വാസം ലംഘനവും ആണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി. സർക്കാർ വകുപ്പിന് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഷെറി നടത്തിയതെന്നും സർവെയും ഭൂരേഖയും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

അട്ടപ്പാടി ആദിവാസി പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി 2024 സെപ്റ്റംബർ 20ന് ഇതു സംബന്ധിച്ചു പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയത്. താലൂക്കിലെ സർക്കാർ പുറമ്പോക്ക് ഭൂമികളായ ഭവാനി പുഴ, വരഗായാർ, റോഡ്, ആദിവാസി, ഭൂമി വനഭൂമി എന്നിവ അട്ടപ്പാടി താലൂക്ക് ഓഫീസിലെ ഹെഡ് സർവേയർ ഷെറി കോടികൾ കൈപ്പറ്റി തമിഴ്നാട്ടിലെ റിസോർട്ട് ഭൂമാക്കികളുടെ പേരിൽ സർവേ രേകഖകളും സ്കെച്ചും തയാറാക്കി നൽകി എന്നായിരുന്നു പരാതി. 'മാധ്യമം ഓൺലൈനി'ൽ ഭൂമി കൈയേറ്റം സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. 

Tags:    
News Summary - The head surveyor of Attapadi was suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.