മഞ്ചേരി: പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി പ്രധാനാധ്യാപിക എ. ജയശ്രീ. ഏകപക്ഷീയ ആക്രമണമാണ് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയതെന്നും അധ്യാപകരെ ആക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്തതെന്നും പ്രധാനാധ്യാപിക എ. ജയശ്രീ പറഞ്ഞു.
പരീക്ഷാ ജോലികൾ തടസപ്പെടുത്തിയെന്നും ഫയലുകൾ വാരിവിതറിയത് തടയാൻ ശ്രമിച്ചപ്പോൾ മർദനമേറ്റെന്നും പ്രധാനാധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് മാർഗനിർദേശം ലംഘിച്ചെത്തിയ നേതാക്കൾ സ്കൂൾ ഒാഫീസിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് അധ്യാപകരും വ്യക്തമാക്കി.
സംഘർഷത്തിൽ പ്രധാനാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റിരുന്നു. പ്രധാനാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ മഞ്ചേരി ഏരിയ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ് വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 11ഓടെ പ്രധാനാധ്യാപികയുടെ മുറിയിലാണ് സംഘർഷം ഉണ്ടായത്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരം സ്കൂളിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപികയെയും സമീപിച്ചിരുന്നു.
എന്നാൽ, സ്കൂളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവില്ലെന്നും പറഞ്ഞ് അധ്യാപകർ ഇവരെ മടക്കിയയച്ചു. എന്നാൽ, ഇതിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പങ്കെടുത്തിരുന്നു. ഈ വിദ്യാർഥിയെ അധ്യാപകർ വിളിച്ച് ശാസിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, ഇവനെ പുറത്താക്കിയെന്ന് ആരോപിച്ച് ഇത് ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ നേതാക്കൾ സ്കൂളിലെത്തി.
പ്രധാനാധ്യാപികയുടെ മുറിയിൽ ഇരുവിഭാഗവും തമ്മിൽ സംസാരിക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പരീക്ഷ ഫീസുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്ന പ്രധാനാധ്യാപികയുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.