കൊച്ചി: കേരളത്തിനാവശ്യമായ കോവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി. വിശദാംശങ്ങൾ ഒരാഴ്‌ചയ്ക്കകം അറിയിക്കാൻ ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേരളത്തിന് ഇപ്പോൾ വാക്‌സിൻ വിതരണം ചെയ്യുന്നതെങ്ങനെ, മതിയായ അളവിൽ എപ്പോൾ നൽകാനാകും തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. എല്ലാവർക്കും സൗജന്യമായി നൽകണമെന്നും വാക്‌സിൻ നിർമാണ ശേഷിയുള്ള കൂടുതൽ കമ്പനികൾക്ക് ഇതിനുള്ള സാങ്കേതികവിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി. അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പൊതുമേഖല സ്ഥാപനമായ ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ പോലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
വാക്സിൻ വിതരണം വൈകുന്നതോടെ രൂപാന്തരം പ്രാപിച്ച വൈറസുകൾ വ്യാപകമാകാനും മരണസംഖ്യ കൂടാനുമിടയാകുമെന്ന് കോടതി വാക്കാൽ പറഞ്ഞു. എറണാകുളത്ത് 18.57 ശതമാനം പേർക്കാണ് വാക്സിൻ ലഭിച്ചത്. ഏറെ പേർ മരിച്ച മലപ്പുറത്ത് 10.75 ശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിൻ കൊടുത്തത്. ഇതിൽതന്നെ രണ്ട് ഡോസും ലഭിച്ചവർ 2.67 ശതമാനം മാത്രം. രണ്ടു ഡോസും ലഭിച്ചവർ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ലയിൽ പോലും 10.08 ശതമാനം പേർക്ക് മാത്രമാണ് നൽകിയത്. നിലവിലെ അവസ്ഥയിൽ ഒന്നോ രണ്ടോ വർഷം കൊണ്ടുപോലും മുഴുവൻ പേർക്കും നൽകാൻ കഴിയില്ലെന്ന പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. മേയ് 13ന് രാത്രി എട്ടുവരെ വാക്സിൻ ലഭിച്ചവരുടെ കണക്ക് ഉയർത്തിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്.
വാക്സിൻ നിർമാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് നിതി ആയോഗ് അഭിഭാഷകൻ അറിയിച്ചെങ്കിലും സർക്കാറിെൻറ നയപരമായ തീരുമാനത്തിെൻറ ഭാഗമാണിതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. വാക്സിൻ വിതരണത്തിൽ പക്ഷപാതമില്ലെന്നും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് വിതരണമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വാക്സിൻ നിർമാണം പ്രായോഗികമല്ലെന്നും കഴിയാവുന്നത്ര ലഭ്യമാക്കുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണിയും വ്യക്തമാക്കി. തുടർന്ന് ഹരജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.