കൊച്ചി: നഗരപരിധിയിലെ നിരത്തുകളിൽനിന്ന് പടിപടിയായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ നടപടികൾ പരിഗണിക്കണമെന്ന് ൈഹകോടതി. അന്തരീക്ഷ മലിനീകരണം തടയുന്നതിെൻറ ഭാഗമായാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. പ്രധാന നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹരജി തീർപ്പാക്കിയ കോടതി, ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.
ഓട്ടോയടക്കമുള്ള പൊതു ഡീസൽ വാഹനങ്ങൾക്ക് പകരം സി.എൻ.ജി/ എൽ.എൻ.ജി വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. വായു മലിനീകരണത്തിൽ രാജ്യത്തെ 24ാം സ്ഥാനത്താണ് കൊച്ചി നഗരം. അന്തരീക്ഷ മലിനീകരണത്തിെൻറ പ്രധാന കാരണക്കാർ വാഹനങ്ങളാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറക്കുന്നതുമായി ബന്ധപ്പെട്ട് ചില നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു.
15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോകൾക്ക് കഴിഞ്ഞ ജൂൺ മുതൽ പെർമിറ്റ് നൽകുന്നില്ല. ഓട്ടോകൾ സി.എൻ.ജി, എൽ.എൻ.ജി വിഭാഗത്തിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ഇലക്ട്രിക്കൽ ഓട്ടോകൾക്ക് നികുതിയിളവും വാങ്ങുന്നവർക്ക് 30,000 രൂപ സബ്സിഡിയും അനുവദിക്കുന്നുണ്ട്. പ്രധാന നഗരങ്ങളിൽ 32 ചാർജിങ് സ്റ്റേഷനുകളും ആരംഭിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയുടെ 3000 ഡീസൽ ബസുകൾ സി.എൻ.ജി, എൽ.എൻ.ജികളായി മാറ്റാൻ തീരുമാനമെടുത്തിട്ടുണ്ട്. 50 ഇലക്ട്രിക്കൽ ബസുകളും വാങ്ങും. മലിനീകരണം കുറക്കാൻ ഡീസലിനൊപ്പം എത്തനോൾ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മലനീകരണം തടയാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ദേശീയ ഹരിത ട്രൈബ്യൂണലും സ്വീകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മറ്റ് കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്ന് പറഞ്ഞാണ് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.