കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമാണെന്ന് ഹൈകോടതി. അപേക്ഷകരുടെ വാദം കേൾക്കാതെ അത് തള്ളിയത് നിയമവിരുദ്ധ നടപടിയാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ എം.പിമാരെ കേട്ടതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവു എന്ന് കോടതി നിർദേശിച്ചു.
ടി.എൻ.പ്രതാപനും ഹൈബി ഈഡനും ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് ഹൈകോടതി നിരീക്ഷണം. നേരത്തെ ലക്ഷദ്വീപ് സന്ദർശിക്കാൻ നിരവധി തവണ കോൺഗ്രസ്-ഇടത് എം.പിമാർ അപേക്ഷ നൽകിയിരുന്നുവെങ്കിലും ദ്വീപ് ഭരണകൂടം ഇത് തള്ളുകയായിരുന്നു.
കഴിഞ്ഞമാസം ലക്ഷദ്വീപ് യാത്രക്ക് അനുമതി തേടിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ടി.എൻ. പ്രതാപെൻറയും ഹൈബി ഈഡെൻറയും അപേക്ഷകൾ ഏഴുദിവസം ക്വാറൻറീൻ നിർബന്ധമാണെന്നുകാട്ടി അനുവദിച്ചിരുന്നില്ല. ക്വാറൻറീനും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും അനുമതി നൽകിയില്ല.
ഇതിനെതിരെയാണ് എം.പിമാർ ഹൈകോടതിയെ സമീപിച്ചിരുന്നത്. 10 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. പിന്നീട് ചില രേഖകൾ കൂടുതലായി സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർ പുതിയ രേഖകളോടെ വീണ്ടും അപേക്ഷ സമർപ്പിച്ചു.
തുടർന്നാണ് മൂന്നു പേരുടെയും അപേക്ഷ കലക്ടർ തള്ളിയത്. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്നും അന്യായമായ ഉത്തരവ് ഹൈകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ലക്ഷദ്വീപിൽ കാലുകുത്താൻ അനുവദിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും എം.പിമാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.