കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈകോടതി. തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണം. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും കോടതി ചോദ്യം ഉന്നയിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നാലു തവണ സമയം നീട്ടി നൽകി. ഈ നാലു വർഷം സംവിധായകൻ ബാലചന്ദ്രകുമാർ എവിടെയായിരുന്നുവെന്നും ഹൈകോടതി ചോദിച്ചു.
തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും അന്വേഷണത്തിന്‍റെ ഭാഗമായി ഏതാനും ഡിജിറ്റൽ തെളിവുകളുടെ പരിശോധന കൂടി പൂർത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടരന്വേഷണം ശരിയായ ദിശയിലല്ലെന്നും വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്നുമാണ് ദിലീപ് വാദിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ തുരന്വേഷണം തടയണമെന്ന ഹരജിയിൽ ആക്രമിക്കപ്പെട്ട നടി കക്ഷി ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.