തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച കേസിൽ ഹൈകോടതിയുടെ നോട്ടീസ് നിയമോപദേശം തേടിയശേഷം സർക്കാർ ഗവർണർക്ക് തിരിച്ചയച്ചേക്കും. കേസിലെ ഒന്നാം എതിർകക്ഷി എന്ന നിലയിൽ ചാൻസലറായ ഗവർണർക്കാണ് ഹൈകോടതി നോട്ടീസ് അയച്ചത്. ഡിസംബർ എട്ടുമുതൽ താൻ സർവകലാശാല ചാൻസലറല്ലെന്ന് വ്യക്തമാക്കി ഹൈകോടതിയുടെ നോട്ടീസ് സർക്കാറിലേക്ക് അയക്കാൻ ഗവർണർ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് ഗവർണർക്ക് തിരിച്ചയക്കാൻ സർക്കാർ ആലോചിക്കുന്നത്. ചാൻസലർ പദവിയിൽ തുടരില്ലെന്ന് പറയുമ്പോഴും നിയമസഭ പാസാക്കിയ സർവകലാശാല നിയമപ്രകാരം ഗവർണർ തന്നെയാണ് ചാൻസലർ.
പദവിയിൽ തുടരണമെന്ന അഭ്യർഥനയോടെയാകും ഹൈകോടതി നോട്ടീസ് തിരിച്ചയക്കുക. ചാൻസലർ എന്ന നിലയിൽ നോട്ടീസിന് ഉചിത മറുപടി നൽകണമെന്നും സർക്കാർ അഭ്യർഥിക്കും. കാലടി, കണ്ണൂർ സർവകലാശാല വി.സി നിയമന വിവാദങ്ങളിൽ ഇടഞ്ഞ് ഡിസംബർ എട്ടിനാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതിനുശേഷം സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഗവർണർ പരിഗണിച്ചിട്ടില്ല. ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൈമാറാനാണ് ഗവർണർ നിർദേശം നൽകിയത്.
ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും അനുനയത്തിനുള്ള വഴി സർക്കാർതലത്തിൽ തുറന്നിട്ടില്ല. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്ത് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തിയെങ്കിലും ഗവർണറുമായി കൂടിക്കാഴ്ചക്ക് തീരുമാനമായില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം ഉൾപ്പെടെ പരിഗണിച്ച് ഗവർണർ ജനുവരി ഒന്നുമുതൽ നാലുവരെ കൊച്ചിയിലായിരിക്കും.
ഏറ്റുമുട്ടൽ വേണ്ടെന്നും എന്നാൽ കീഴടങ്ങേണ്ടെന്നുമുള്ള നിലപാടിലാണ് സർക്കാർ. എന്നാൽ, സർവകലാശാല കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന കൃത്യമായ ഉറപ്പുലഭിച്ചാലേ ചാൻസലർ പദവിയിൽ തുടരൂവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.