കൊച്ചി: സർക്കാർ സ്ഥാപനമെന്ന് തോന്നിപ്പിക്കുന്നവിധം സർക്കാറിതര സംഘടനകൾക്ക് പേര് നൽകരുതെന്ന് ഹൈകോടതി. സംസ്ഥാന, ദേശീയ, കേന്ദ്ര തുടങ്ങിയ വാക്കുകൾ സംഘടനയുടെ പേരിനൊപ്പം ചേർക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ സംസ്ഥാന രജിസ്ട്രേഷൻ ഐ.ജി രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കണ്ണൂർ നഗരസഭയിലെ അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂർ ചേലാട് ആസ്ഥാനമായ സ്റ്റേറ്റ് എൻവയൺമെൻറ് പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ ഹരജി തീർപ്പാക്കിയുള്ള ഉത്തരവിലാണ് ഈ നിർദേശം.
കെട്ടിട നിർമാണത്തിലെ നിയമപരമായ അപാകതകൾ ക്രമപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് കെട്ടിടയുടമ നഗരസഭക്ക് അപേക്ഷ നൽകിയത് കണക്കിലെടുത്താണ് ഹരജി തീർപ്പാക്കിയത്. എന്നാൽ, ഹരജി നൽകിയ സംഘടനയുടെ പേരിലെ 'സ്റ്റേറ്റ്' എന്ന വാക്ക് സംഘടന സർക്കാറിെൻറ ഭാഗമാണെന്ന തോന്നലുണ്ടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
സംഘടനകൾ ഇത്തരം പദങ്ങൾ ഉപയോഗിച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന നിയമപരമായ സംവിധാനമാണെന്ന തെറ്റിദ്ധാരണ പൊതുജനങ്ങൾക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തുടർന്നാണ് സർക്കാറിതര സംഘടനകൾക്കും (എൻ.ജി.ഒ) സൊസൈറ്റികൾക്കും പേരു നൽകുമ്പോൾ സ്റ്റേറ്റ്, നാഷനൽ, സെൻട്രൽ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണമെന്ന് നിർദേശിച്ചത്.
രജിസ്ട്രേഷൻ ഐ.ജിയെക്കൂടി കേസിൽ കക്ഷിചേർത്താണ് ഈ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.