കൊച്ചി: രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ നാലാഴ്ച കഴിഞ്ഞ് ലഭ്യമാകുംവിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കോവിൻ പോർട്ടലിൽ മാറ്റം വരുത്തുന്നത് ദേശീയതലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും അത് രാജ്യതാൽപര്യത്തിന് വിരുദ്ധമാകുമെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹരജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിദേശത്തേക്ക് ജോലിക്കും വിദ്യാഭ്യാസ ആവശ്യത്തിനും പോകുന്നവർക്ക് രണ്ടാം വാക്സിെൻറ ഇടവേളയിൽ ഇളവ് അനുവദിക്കുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. എന്നാൽ, വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണെന്നും ദേശീയതലത്തിൽ കോവിഡ് വാക്സിൻ നയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ് ഉത്തരവുമൂലം ഉണ്ടായതെന്നുമായിരുന്നു കേന്ദ്രത്തിെൻറ വാദം. ഇടവേള നിശ്ചയിച്ചത് വിദഗ്ധസമിതിയുടെയും മറ്റും നിർദേശ പ്രകാരമാണെന്ന വാദം ഡിവിഷൻ ബെഞ്ച് ശരിവെച്ചു.
വിദഗ്ധാഭിപ്രായപ്രകാരം സർക്കാറെടുക്കുന്ന തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല. വിദേശത്തേക്ക് പോകുന്നവർക്ക് വാക്സിെൻറ ഇടവേളയിൽ ഇളവ് നൽകുന്നതിൽ വിവേചനമുണ്ടെന്ന വാദം നിലനിൽക്കില്ല. ഇതിെൻറ പേരിൽ വ്യാപകമായി ഇളവുകൾ വേണ്ടതില്ല. ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമ്പോൾ വ്യക്തിതാൽപര്യെത്തക്കാൾ പ്രാധാന്യം നൽകേണ്ടത് രാജ്യതാൽപര്യത്തിനാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.