കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കരിമണൽ ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി തള്ളി. തീരമേഖല നിയന്ത്രണ വിജ്ഞാപനത്തിനും പരിസ്ഥിതി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് മണൽഖനനം നടക്കുന്നതെന്നാരോപിച്ച് നൽകിയ അപ്പീൽ അടക്കം ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
സ്പിൽവേയിലൂടെ തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നിക്ഷേപം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ദുരന്തനിവാരണ നിയമത്തിന്‍റെ പേരിൽ കരിമണൽ ഉൾപ്പെടെ ധാതുസമ്പുഷ്ടമായ മണൽത്തിട്ട അനധികൃതമായി നീക്കുകയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. മണൽ നീക്കം ചെയ്യുന്നത് തീരമിടിയാൻ കാരണമാകുന്നുണ്ട്. പാരിസ്ഥിതിക പഠനം നടത്താതെ മണൽ ഖനനം നടത്തുന്നത് തടയണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, വേനൽക്കാലത്ത് കുട്ടനാട് മേഖലയിലേക്ക് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ 1954ലാണ് സ്പിൽവേ നിർമിച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
വർഷകാലത്ത് പമ്പ, അച്ചൻകോവിൽ ആറുകളിലെ വെള്ളം കടലിലേക്ക് ഒഴുകി പോകുന്നതും ഇതിലെയാണ്. തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകാൻ മണൽ നീക്കേണ്ടതുണ്ട്. മണലടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെടുകയും ചെറിയ മഴയിൽപോലും കുട്ടനാട് വെള്ളപ്പൊക്കത്തിലാവുന്നത് പതിവാകുകയും ചെയ്തതോടെയാണ് ദുരന്തനിവാരണ നിയമപ്രകാരം പൊഴിമുഖത്തെ മണൽ നീക്കാൻ തീരുമാനമെടുത്തത്. കെ.എം.എം.എം.എൽ, ഐ.ആർ.ഇ എന്നീ പൊതുമേഖല സ്ഥാപനങ്ങളെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നതെന്നും സർക്കാർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.