കൊച്ചി: അഡ്വക്കറ്റ് ജനറൽ സർക്കാറിന് നൽകുന്ന നിയമോപദേശം വിവരാവകാശ നിയമപ്രകാരം കൈമാറേണ്ടതില്ലെന്ന് ഹൈകോടതി. ഇത് രഹസ്യസ്വഭാവത്തിലുള്ളതായതിനാൽ വിവരാവകാശ പരിധിയിൽ വരുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ലാവലിൻ, പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസുകളിലെ എ.ജിയുടെ നിയമോപദേശത്തിന്റെ പകർപ്പുകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവുകൾ കോടതി റദ്ദാക്കി.ലാവലിൻ കേസിൽ സംസ്ഥാന സർക്കാറിന് എ.ജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പിന് ഇടുക്കിയിലെ ജനശക്തി ജനറൽ സെക്രട്ടറി എം.എൽ. അഗസ്തിയും സമ്പത്ത് കസ്റ്റഡി മരണക്കേസിൽ സുപ്രീംകോടതിയെ സമീപിക്കാൻ എ.ജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് തേടി തലശ്ശേരി സ്വദേശി പി. ഷറഫുദ്ദീനും സമർപ്പിച്ച അപേക്ഷകൾ വിവരാവകാശ നിയമ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി എ.ജി ഓഫിസ് നിരസിച്ചിരുന്നു.
അപ്പീലുകളും തള്ളിയതോടെ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചപ്പോൾ പകർപ്പ് നൽകാൻ കമീഷൻ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ എ.ജിയുടെ സെക്രട്ടറിയടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ചത്.
അഭിഭാഷകനും കക്ഷിയും തമ്മിലെ ബന്ധം പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായതിനാൽ ഇവരുടെ ആശയവിനിമയത്തിന് രഹസ്യസ്വഭാവമുണ്ടെന്ന് കോടതി വിലയിരുത്തി. അതിനാൽ, വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഇത് ഒഴിവാക്കിയിട്ടുള്ളതാണ്.
സർക്കാറിന്റെ ഉപദേശകനെന്ന നിലയിൽ പ്രശ്നസാധ്യതയുള്ള വിഷയങ്ങളിലടക്കം സർക്കാറിന് എ.ജിയുടെ ഉപദേശം തേടേണ്ടിവരും. രഹസ്യസ്വഭാവത്തിലുള്ള ഈ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമീഷന്റെ വിധിയോട് യോജിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.