കൊച്ചി: ബുക്കിങ് ഇല്ലാതെ ആരെയും ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്ന് ഹൈകോടതി. ഭക്തജനത്തിരക്ക് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് വെർച്വൽ ക്യൂ ബുക്കിേങ്ങാ സ്പോട്ട് ബുക്കിങ്ങോ ഇല്ലാതെ ആരെയും കടത്തിവിടരുതെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ശബരിമലയിലെ ക്യൂ കോംപ്ലക്‌സുകളിൽ 24 മണിക്കൂറും ശുചീകരണം നടത്തണമെന്നും ഇതിനായി രണ്ട് ഷിഫ്റ്റുകളിലായി 72 ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചതിനെത്തുടർന്ന് ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. ഈ വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
1. അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് മതിയായ സൗകര്യങ്ങൾ ലഭ്യമാക്കണം. കാനന പാതയിലും ക്യൂ കോംപ്ലക്സുകളിലും കാത്തുനിൽക്കേണ്ടി വരുന്നവർക്ക് ചുക്കുവെള്ളവും ബിസ്കറ്റും നൽകണം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുംവേണ്ടി സ്പെഷൽ ക്യൂവും മതിയായ സൗകര്യങ്ങളുമൊരുക്കണം. സുഗമമായ ദർശനവും ഉറപ്പാക്കണം.
2. നിലയ്ക്കലിൽ മതിയായ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം. പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കണം. നിലയ്ക്കലിൽ പാർക്കിങ് ഫീസ് പിരിക്കാൻ ഫാസ്‌റ്റാഗ് സ്കാനർ ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാക്കണം.
3. നിശ്ചിത സമയം പിടിച്ചിട്ടശേഷം പോകാൻ അനുവദിക്കുന്ന (ഹോൾഡ് ആൻഡ് റിലീസ്) രീതിയിൽ നിലയ്ക്കലിൽ വാഹനനീക്കം നിയന്ത്രിക്കണം. ആവശ്യമെങ്കിൽ ഇടത്താവളങ്ങളിലും ഇതാകാം. ഇടത്താവളങ്ങളിൽ ഭക്തർക്ക് അന്നദാനം ഉറപ്പാക്കണം.
4. നിലയ്ക്കൽ-ളാഹ മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡുമായി ചേർന്ന് സെക്ടർ പട്രോളിങ് നടത്തണം.
5. പത്തനംതിട്ട റൂട്ടിൽ ളാഹ മുതൽ വടശേരിക്കര വരെയും എരുമേലി റൂട്ടിൽ കണമല മുതൽ എരുമേലി വരെയും വാഹനങ്ങൾ ഹോൾഡ് ആൻഡ് റിലീസ് സംവിധാനത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന സ്ഥലങ്ങൾ കണ്ടെത്തണം. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹായം തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.