കൊച്ചി: നിയമനമടക്കം പബ്ലിക് സർവിസ് കമീഷന്‍റെ (പി.എസ്.സി) നടപടിക്രമങ്ങളിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്ന് ഹൈകോടതി. മനുഷ്യാവകാശ കമീഷന്‍റെ 2020 ഫെബ്രുവരി 11ലെ ഉത്തരവ് ചോദ്യം ചെയ്‌ത് പി.എസ്.സി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഒന്നിലേറെ റാങ്ക് പട്ടികയിൽ പേരുള്ളവർക്ക്, ഒന്നിലധികമുള്ളതിൽനിന്ന് പേര് നീക്കാൻ അവർ നൽകുന്ന അപേക്ഷ പരിഗണിച്ച് തുടർനടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവാണ് പി.എസ്.സി ചോദ്യം ചെയ്തത്. കോടതികൾക്കോ ബന്ധപ്പെട്ട ട്രൈബ്യൂണലുകൾക്കോ അല്ലാതെ മറ്റ് സ്ഥാപനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ പരിഗണിക്കാനാകില്ലെന്ന് പി.എസ്.സി വാദിച്ചു.
പാലക്കാട് പൊൽപുള്ളി പനയൂർ സ്വദേശിയായ കെ.കെ. റിജു നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവുണ്ടായത്. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വയംഭരണ സ്ഥാപനമാണ് പി.എസ്.സി എന്ന യാഥാർഥ്യം ഉൾക്കൊള്ളാതെയുള്ള ഉത്തരവാണ് മനുഷ്യാവകാശ കമീഷന്‍റേതെന്ന് പി.എസ്.സി ഹരജിയിൽ പറഞ്ഞു. കോടതികളോ ട്രൈബ്യൂണലുകളോ മുഖേനയാണ് പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണേണ്ടത്. പി.എസ്.സി നടപടി മനുഷ്യാവകാശ കമീഷന് ചോദ്യം ചെയ്യാനാകില്ല. സർക്കാറുമായി ആലോചിച്ചാണ് പി.എസ്.സിയുടെ നടപടിപ്രക്രിയകൾ. ഒന്നിലേറെ റാങ്ക് പട്ടികയിലുള്ള ഒരാൾ സ്വമേധയാ പേര് ഉപേക്ഷിക്കുന്നതിലൂടെ മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുന്നില്ല. ഉത്തരവിന്‍റെ രൂപത്തിലെന്നല്ല, ഒരു അഭ്യർഥനപോലും പി.എസ്.സിയുമായി ബന്ധപ്പെട്ട് നടത്താൻ മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്നും പി.എസ്.സി വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.