കോഴിക്കോട്: കേരളത്തിൽ നിരന്തരം ഇസ്ലാമോ ഫോബിയ സൃഷ്ടിച്ച് വർഗീയ ധ്രുവീകരണം നടത്താൻ പ്രവർത്തിക്കുന്നവർക്ക് ആഭ്യന്തര വകുപ്പ് സംരക്ഷണമൊരുക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്ന ആഭ്യന്തര വകുപ്പും പൊലീസും വർഗീയ പ്രചാരണം നടത്തി സംസ്ഥാനത്ത് വർഗീയ കലാപത്തിന് കോപ്പുകൂട്ടുന്നവർക്കെതിരെ പരാതി കൊടുത്തിട്ടും കേസെടുക്കാൻ തയ്യാറാകുന്നില്ല.
കളമശ്ശേരി സ്ഫോടന സംഭവത്തിൽ ന്യൂസ് 18, ജനം ടി.വി, മറുനാടൻ മലയാളി, കർമ തുടങ്ങിയ മാധ്യമങ്ങളും സന്ദീപ് വാര്യർ തുടങ്ങിയ ബി.ജെ.പി നേതാക്കളും വർഗീയ കലാപം സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രചാരണമാണ് നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ വർഗീയത സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞെങ്കിലും ഒരുനടപടിയും സ്വീകരിക്കുന്നില്ല. യൂത്ത്ലീഗ് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ യൂത്ത്ലീഗ് പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം ഇത് ആദ്യത്തേതല്ല. ഇതിനുമുമ്പും നിരവധി സംഭവങ്ങളിൽ മുസ്ലിം സമുദായത്തിനുനേരെ ഇത്തരം പ്രചാരണങ്ങൾ സംസ്ഥാനത്തുണ്ടായി. മറ്റു സമുദായങ്ങളിലെ വ്യക്തികൾ കുറ്റം ചെയ്യുമ്പോൾ അതിന്‍റെ പാപഭാരം ആ സമുദായങ്ങൾ ഏൽക്കേണ്ടിവരുന്നില്ല. എന്നാൽ, ഒരു മുസ്ലിം നാമധാരി തെറ്റുചെയ്താൽ അതിന്‍റെ ഉത്തരവാദിത്തം ആ സമുദായത്തിൽ കെട്ടിവെക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.