ചക്കരക്കല്ല്: ഏച്ചൂർ കമാൽ പീടികയിൽ വീടിന് തീപിടിച്ചു. മഞ്ചക്കണ്ടി മടപ്പുരക്ക് സമീപം കുഞ്ഞിവളപ്പിൽ അബ്ദുൽ ഖാദറിന്റെ മകൾ റസിയയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ച ഉച്ച രണ്ട് മണിയോടെയാണ് അപകടം നടന്നത്.
മുകളിലത്തെ നിലയിലുള്ള സെൻട്രൽ ഹാളിലെ തേപ്പ് മുഴുവനായും രണ്ടു റൂമുകളിലെ തേപ്പ് ഭാഗികമായും അടർന്നു വീണു. റസിയയുടെ സഹോദരൻ മുകൾ നിലയിൽ സൂക്ഷിച്ച ലെതർ ബാഗുകളും മറ്റും പൂർണമായും നശിച്ചു.
വീടിന്റെ മുൻവശത്തുള്ള വീട്ടിലെ ജോലിക്കാരാണ് തീപിടിത്തം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അപകട സമയം റസിയയുടെ ഉപ്പയും ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാരും സമീപ വീട്ടിലെ ജോലിക്കാരുമാണ് വെള്ളം ഉപയോഗിച്ച് തീയണച്ചത്. തുടർന്ന് എത്തിയ അഗ്നിലക്ഷസേനയും തീയണക്കൽ പൂർത്തീകരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. മുകളിലത്തെ നിലയിലുള്ള ഇലക്ട്രിക്ക് വയറിങ്ങും പൂർണമായും കത്തിയ നിലയിലാണ്.
സെൻട്രൽ ഹാളിലെ തേപ്പ് മുഴുവനും അടർന്നു വീണ് കല്ലുകൾ കാണുന്ന രീതിയിലാണ് ഉള്ളത്. അഞ്ചു ലക്ഷത്തിലധികം രൂപയിലധികം നഷ്ടമുള്ളതെന്നാണ് വീട്ടുകാർ പറയുന്നത്. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ, വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി കെ. രാജൻ, വാർഡ് അംഗം ടി. രവീന്ദ്രൻ, പഞ്ചായത്തംഗം കെ. ബാലൻ എന്നിവർ വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.