ആറാം വാരിയെല്ല് പൊട്ടിച്ച എസ്.ഐക്കെതിരെ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ആറാം വാരിയെല്ല് പൊട്ടിച്ച എസ്.ഐ അച്ചടക്കരാഹിത്യം നടത്തിയതായി കണ്ടെത്തി : അച്ചടക്ക നടപടി ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഭാര്യ നൽകിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ അച്ചടക്കരാഹിത്യവും പെരുമാറ്റ ദൂഷ്യവും നടത്തിയതായി സംസ്ഥാന പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

അന്വേഷണവും അച്ചടക്ക നടപടികളും ഉടൻ പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് തിരുവനന്തപുരം റൂറൽ (സി ബ്രാഞ്ച്) ഡി.വൈ.എസ്.പിക്ക് നിർദേശം നൽകി. എസ്.ഐയുടെ ഭാഗത്ത് അച്ചടക്കരാഹിത്യമുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കണ്ടെത്തിയതായി സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. തുടർന്ന് വാച്യാന്വേഷണം നടത്തുന്നതിന് സി ബ്രാഞ്ച് ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

മുൻ എസ്.ഐ ക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇക്കഴിഞ്ഞ മാർച്ച് 18 ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി യിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.

മാരായമുട്ടം എസ്.ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ്.ഐ യും രണ്ട് പോലീസുകാരും ചേർന്ന് മർദിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തി. കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടർ രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടി. ഭാര്യയാണ് പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്. പരാതിക്കാരനെ എസ്.ഐ മർദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മീഷൻ തള്ളി.

Tags:    
News Summary - The Human Rights Commission should complete the action against the SI who broke the sixth rib immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.