ദുരന്തഭൂമിയിൽ സാഹസിക ലാൻഡിങ്; ഹെലികോപ്ടർ വഴി പരിക്കേറ്റവരെ ഒഴിപ്പിച്ചു

മേപ്പാടി: ദുരന്തഭൂമിയിൽ വ്യോമസേനയുടെ സാഹസിക രക്ഷാപ്രവർത്തനം. ചൂരൽമലയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന റോഡിൽ ഹെലികോപ്ടർ ദുഷ്കരമായി ഇറക്കിയാണ് ഉരുൾപൊട്ടലിൽ പരിക്കേറ്റവരെ സൈന്യം ഒഴിപ്പിക്കുന്നത്.

രാവിലെ മുതൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്ടറുകൾക്ക് ദുരന്തഭൂമിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വൈകീട്ടാണ് ചൂരൽമലയിൽ സാഹസികമായി കോപ്ടർ ഇറക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങികിടക്കുന്നവരിൽ പരിക്കേറ്റവരെയാണ് സൈനിക സഹായത്തോടെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദുരന്തമുണ്ടായി 13 മണിക്കൂറുകൾക്കുശേഷമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന് എത്തിച്ചേരാനായത്. ചൂരൽമലയിൽനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ.

കുടുങ്ങി കിടക്കുന്നവരെ ജീപ്പുമാർഗം പുഴക്കരയിലെത്തിച്ച് താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഇരുട്ടുന്നതിനു മുമ്പേ പരമാവധി ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മുണ്ടക്കൈയെയും ചൂരൽമലയെയും ബന്ധിപ്പിക്കുന്ന ഏകയാത്രാമാർഗമായ പാലം ഒലിച്ചുപോയതോടെയാണ് പ്രദേശം ഒറ്റപ്പെട്ടത്. പലരും കുന്നിന്‍മുകളിലൊക്കെ അഭയം പ്രാപിച്ചിരിക്കുകയാണ്. 150 പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ പലരെയും രക്ഷപ്പെടുത്തി.

ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലില്‍ പുഴ ദിശമാറി ഒഴുകിയതാണ് ചൂരല്‍മലയിലും ദുരന്തത്തിനിടയാക്കിയത്. എങ്ങും കൂറ്റന്‍ കല്ലുകളും ചെളിയും നിറഞ്ഞ് കുത്തിയൊഴുകുന്നതിനാൽ വടംകെട്ടിയാണ് സൈനികർ മറുഭാഗത്തേക്ക് കടന്നത്. എത്രവീടുകള്‍ ഒലിച്ചുപോയെന്നോ എത്രപേര്‍ മരിച്ചെന്നോ കാണാതായിട്ടുണ്ടെന്നോ കൃത്യമായ വിവരം പോലും ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതോടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.

കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ ഒഴുകി വന്ന മൃതദേഹങ്ങളും മൃതദേഹം അവശിഷ്ടങ്ങളും നിലമ്പൂര്‍ പോത്തുകല്ലിൽനിന്ന് കണ്ടെത്തിയിരുന്നു.

Tags:    
News Summary - The injured are being evacuated by helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.