ആ സുന്ദരദേശം ഒരു മരണക്കയമായിരിക്കുന്നു...ആ പുഴക്കു പകരം ഇപ്പോൾ മരണപ്പുഴകൾ...

ദുരന്ത വാർത്ത അറിഞ്ഞതിനു പിന്നാലെ മുണ്ടക്കൈയിലേക്ക് തിരിച്ചതാണ്. നിരവധി തവണ പോയിട്ടുള്ള സ്ഥലത്തേക്ക് ഇത്തവണയെത്തിയപ്പോൾ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പച്ചപ്പു നിറഞ്ഞ പ്രശാന്ത സുന്ദരമായ അവിടം ചെളിക്കൂമ്പാരങ്ങളും കൂറ്റൻ പാറക്കഷണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആകെ ഒരു പുഴ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇവിടം മുഴുവൻ പുഴ പോലെയായി മാറിയിട്ടുണ്ട്. മൂന്നാല് മരണപ്പുഴകളാണിവിടെ കാണുന്നത്. രക്ഷാപ്രവർത്തനങ്ങൾ അതീവ ദുഷ്‍കരമായ സാഹചര്യത്തിൽ ദുരന്തചിത്രങ്ങൾ മനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു.

ഒരുഭാഗത്ത് അട്ടമലയും ഒരുഭാഗത്ത് മുണ്ടക്കൈയുമാണ്. ഒരു കിലോമീറ്റർ വ്യത്യാസമേ രണ്ടു സ്ഥലവും തമ്മിലുള്ളൂ. ചൂരൽമലയും മുണ്ടക്കൈയുമായി മൂന്നു കിലോമീറ്റർ വ്യത്യാസമാണുള്ളത്. മുണ്ടക്കൈയിലെ പുഞ്ചിരിവട്ടം എന്ന ഭാഗത്താണ് ഉരുൾപൊട്ടിയത്. അവിടെ പൊട്ടിയിട്ട് മലവെള്ളപ്പാച്ചിലിൽ മണ്ണും പാറയുമൊക്കെ ഒഴുകിയിറങ്ങി മുണ്ടക്കൈ അങ്ങാടി മുഴുവൻ ഇല്ലാതായിട്ടുണ്ട്. രാവിലെ കിട്ടിയ മൃതദേഹങ്ങൾ ഏറെയും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്നവയാണ്. താഴെ വെള്ളാർമല സ്കൂളിന്റെ പരിസരങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ ഏറെയും ലഭിച്ചത്.

സ്കൂളിന്റെ മുമ്പിലും പിറകിലുമായി ഒരുപാട് വീടുകളുണ്ട്. ഈ വീടുകളേറെയും ഇപ്പോൾ മണ്ണിനടിയിലാണ്. ഈ വീടുകളിലെ കുറേ ആളുകൾ മഴ ശക്തമായതോടെ മുന്നറിയിപ്പ് നൽകിയപ്പോൾ ഒഴിഞ്ഞുപോയിട്ടുണ്ട്. മുണ്ടക്കൈ ഭാഗത്ത് ഇനിയും കുറേ ആളുകൾ ഒഴിയാനുണ്ട്. മുണ്ടക്കൈ ടൗണിന്റെ വലതു ഭാഗത്താണ് പള്ളിയുള്ളത്. ഇടതുഭാഗം മൊത്തം പോയിട്ടുണ്ട്. ആ ഭാഗത്തുള്ള പാടിയും വീടുകളും ഭൂരിഭാഗവും തകർന്നിട്ടുണ്ട്. പള്ളിയുടെ താഴെ രണ്ട് മൃതദേഹങ്ങളുണ്ട്. ഞങ്ങൾ ഒരാളെ അവിടെനിന്ന് ജീവനോടെ എടുത്തിരുന്നു. മണ്ണിൽ പുതഞ്ഞ് കിടക്കുകയായിരുന്നു അയാൾ. ഒച്ചവെച്ച് ഞങ്ങളെ വിളിച്ചതുകൊണ്ടാണ് അയാൾ അവിടെ ഉള്ളതായി മനസ്സിലായത്.

ഇനി ആ വഴി കടക്കുന്നത് ബുദ്ധിമുട്ടാണ്. മണ്ണിനടിയിൽ ഇനിയും ഒരുപാട് ആളുകൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. പത്തുനാനൂറ് പേർ താമസിക്കുന്ന സ്ഥലമാണതെന്ന് പ്രദേശ വാസികൾ പറയുന്നു. ഇവരിൽ ആരൊക്കെ നേരത്തേ ഒഴിഞ്ഞുപോയിട്ടുണ്ടെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇപ്പോഴും കുറേ ആളുകൾ മിസ്സിങ്ങാണ്. ക്യാമ്പിലില്ലാത്ത കുറേ ആളുകളുണ്ട്. അവരെക്കുറിച്ച് ഒരു വിവരവുമില്ല.

വെള്ളത്തിന്റെ കുത്തൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നത് വലിയ ബുദ്ധിമുട്ടായി മാറി. ചൂരൽമലയിൽനിന്ന് ഒരു റോഡ് മാത്രമേയുള്ളൂ മുണ്ടക്കൈയിലേക്ക്. അതിലെ പാലമാണ് പോയത്. അവിടേക്കെത്താൻ അതല്ലാതെ മറ്റൊരു മാർഗവുമില്ല. കാട്ടിലൂടെ കയറണമെങ്കിലും രണ്ടു പുഴ മുറിച്ചുകടക്കണം. ഉരുൾ പൊട്ടിയ സ്ഥലത്ത് കിലോമീറ്ററുകളോളം കുത്തൊഴുക്കും പാറക്കെട്ടുകളും അതിജീവിച്ച് അപ്പുറമെത്തുകയെന്നത് ദുഷ്‍കരമാണ്. എന്നിട്ടും അതുവഴിയാണ് ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പൊളിഞ്ഞ പാലത്തിന്റെ ഭാഗത്ത് സൈന്യം താൽക്കാലിക സജ്ജീകരണങ്ങളൊരുക്കി പരിക്കേറ്റ ആളുകളെ വൈകുന്നേരത്തോടെ ഇക്കരെയെത്തിക്കാൻ തുടങ്ങി. എയർ റോപ്പ് വെച്ചാണ് ആളുകളെ എത്തിക്കുന്നത്. വൈകീട്ട് വ്യോമസേനയുടെ ഹെലികോപ്റ്ററുമെത്തിയതോടെ കുറേ ജീവിതങ്ങളെ കരക്കെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ജീവൻ വെച്ചു.

ഇരുട്ടായാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമാകും. ആ ഭാഗത്ത് എന്താണ് അവസ്ഥ എന്ന് അവിടെയെത്തിയാൽ മാത്രമേ അറിയൂ. ഞങ്ങൾ ഇപ്പോൾ മുണ്ടക്കൈ പള്ളിയുടെ താഴെ വരെ എത്തി. ആ ഭാഗത്തുനിന്നുള്ള ആളുകളൊക്കെ പോയിട്ടുണ്ട്. പക്ഷേ, അതിന്റെ അപ്പുറവും പൊട്ടിയിട്ടുണ്ട്. അപ്പുറത്തേക്ക് ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.

മുണ്ടക്കൈയിൽ ആരും എത്തിയിട്ടില്ല. അവിടെ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. റിസോർട്ടിലാണ് ആളുകളുള്ളത്. അതിന് തൊട്ടടുത്തുള്ള മദ്റസയിലും ആളുകളുണ്ടെന്നാണ് വിവരം. മുണ്ടക്കൈയിലും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രണ്ടു മൃതദേഹങ്ങൾ അവിടെയുണ്ട്. രണ്ടുപേർ അവിടെ കുടുങ്ങിക്കിടക്കുന്നുമുണ്ട്. ആളുകൾ വിളിക്കുന്നുണ്ട്. പക്ഷേ, അങ്ങോട്ട് എത്താൻ ഒരു നിവൃത്തിയുമില്ല.

മുണ്ടക്കൈ ഭാഗത്തുള്ള ആളുകളെ ഇവിടുന്ന് നോക്കുമ്പോൾ കാണാൻ കഴിയുന്നുണ്ട്. പക്ഷേ, അങ്ങോട്ട് എത്തിയിട്ടില്ല. എയർ ലിഫ്റ്റിങ് അല്ലാതെ നിലവിൽ മാർഗങ്ങളില്ല. അവിടെയുള്ള ആളുകൾ അതും പ്രതീക്ഷിച്ചിരിക്കുകയാണ്. അവർക്ക് ഭക്ഷണം പോലും കിട്ടിയിട്ടില്ല. ഗുരുതരമായി പരിക്ക് പറ്റിയവരെയാണ് ആദ്യം കൊണ്ടുവരുന്നത്.

(ഐഡിയൽ റിലീഫ് വിങ് വളന്‍റിയറാണ് ലേഖകൻ)

Tags:    
News Summary - wayanad landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.