കാഴ്ച കാണാനുള്ള സ്ഥലമല്ല...ദയവായി ആവശ്യമില്ലാത്തവർ ഇങ്ങോട്ട് വരരുത്...

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ നാടൊന്നാകെ വിറങ്ങലിച്ചു നിൽക്കുന്നതിനിടെ പ്രദേശത്തേക്ക് അനാവശ്യമായി ആളുകൾ എത്തുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു.

ദുരന്തത്തിന്റെ വിവരം ആദ്യമറിഞ്ഞതുമുതല്‍ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. വാഹനങ്ങളിൽ കൂട്ടമായി ആളുകൾ എത്തുന്നതിനാൽ ഗതാഗത തടസ്സവും രൂക്ഷമാണ്. ഇതുമൂലം ദുരന്തഭൂമിയിൽനിന്ന് പരിക്കേറ്റവരെയും രക്ഷപ്പെടുത്തിയവരെയും ആശുപത്രികളിലേക്കും സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റുന്നതിന് പ്രയാസം നേരിടുകയാണ്. വീതി കുറഞ്ഞ പാതയിൽ വാഹന ബാഹുല്യം കാരണം അംബുലൻസുകൾ ഉൾപ്പെടെ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്.

രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ എത്തിക്കാനുണ്ട്. കൂടാതെ, തിരച്ചിലിന് സഹായിക്കുന്ന വസ്തുക്കളും വരുംദിവസങ്ങളിൽ കൊണ്ടുവരും. പലരും ദുരന്തഭൂമി സന്ദർശിക്കാൻ മാത്രം വരുന്നവരാണ്. ഇത്തരത്തിൽ കാഴ്ച കാണാനായി വരുന്ന വാഹനങ്ങൾ പൊലീസും നാട്ടുകാരും ഏറെ പാടുപെട്ട് തടഞ്ഞ് തിരിച്ചുവിടുന്നുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കൂടുതൽ സൈനികർ ദുരന്ത സ്ഥലത്തേക്ക് വരുന്നുണ്ട്. ഇവരുടെ യാത്ര എളുപ്പമാക്കാനും ആളുകൾ സഹകരിക്കണമെന്നാണ് ദുരന്തത്തിന് നേതൃത്വം നൽകുന്നവർ പറയുന്നത്. ചൂരൽമല പാലം തകർന്നതോടെ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിന് സൈന്യം താൽക്കാലിക പാലം നിർമിച്ചിട്ടുണ്ട്. പാലത്തിലൂടെ ആളുകളെ ചൂരൽ മലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ജനങ്ങള്‍ എത്തുന്നതിന് നിയന്ത്രണം വേണമെന്ന് മന്ത്രി കെ. രാജനും മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകള്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സൈന്യവും എന്‍.ഡി.ആർ.എഫും സന്നദ്ധ സേനകളും വിവിധ ഭാഗങ്ങളിലായി എത്തിക്കൊണ്ടിരിക്കുകയാണ്.

ഫയര്‍ ഫോഴ്‌സിലെ 320 അംഗങ്ങളും കണ്ണൂര്‍ ഡി.എസ്.സി ലെ 67 സേനാംഗങ്ങളും മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പ്രദേശത്ത് വെളിച്ചത്തിനുള്ള സംവിധാനം ഒരുക്കാന്‍ കൂടുതല്‍ ഇന്‍ഫ്‌ളാറ്റബിള്‍ ടവര്‍ ലൈറ്റ് എത്തിക്കും.

Tags:    
News Summary - wayanad landslide updation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.