കൊല്ലത്ത് മുസ്‍ലിം പള്ളി നിർമാണ അനുമതിക്കെതിരായ ഹരജി ഹൈകോടതി തള്ളി

കൊച്ചി: മതമൈത്രി രാജ്യപുരോഗതിക്കും മൗലികാവകാശ സംരക്ഷണത്തിനും നൽകുന്ന സംഭാവന വളരെ വലുതാണെന്ന് ഹൈകോടതി. ജനങ്ങൾക്കിടയിൽ ആഴത്തിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ആരും ശ്രമിക്കുമെന്ന് കരുതാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ മുസ്‍ലിം പള്ളി നിർമിക്കാൻ അനുമതി നൽകിയതിനെതിരെ കരുനാഗപ്പള്ളി സ്വദേശികളായ മോഹനൻ, ശശി എന്നിവർ നൽകിയ ഹരജികൾ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പള്ളി നിർമാണത്തിന് പഞ്ചായത്ത് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്ന വാദം കോടതി തള്ളി. നിയമപരമായാണ് അനുമതിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ശബരിമല അയ്യപ്പനും വാവര് സ്വാമിയും ആർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ഐതീഹ്യങ്ങൾ കോടതി വിധിന്യായത്തിൽ പറയുന്നു. കേരളത്തിലെ മതമൈത്രിയുടെ വലിയ സന്ദേശമാണ് ഈ സൗഹൃദത്തിലൂടെ വ്യക്തമാകുന്നത്. വിവിധ മതവിശ്വാസികൾ പങ്കാളികളാവുന്ന ആചാരങ്ങളും ആഘോഷങ്ങളും നൂറ്റാണ്ടുകളായി ഇന്ത്യയിലുണ്ട്.

രാജ്യത്തു നിലനിൽക്കുന്ന മതമൈത്രിയുടെ തെളിവുകളാണിത്. മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. ഇതേ മതനിരപേക്ഷതയാണ് മേൽ പറഞ്ഞ ഐതീഹ്യത്തിലും വ്യക്തമാകുന്നത്. ശബരിമല ദർശനത്തി പോകുന്ന ഭക്തർ ആർത്തുങ്കൽ പള്ളിയും വാവര് പള്ളിയും സന്ദർശിക്കുന്നുണ്ട്. രണ്ടിടത്തും ഇതിന് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്.

ശബരിമലയിൽ വാവര് നടയുണ്ട്. തീർഥാടനകാലം അവസാനിക്കുന്ന സമയത്ത് വാവര് പള്ളിയിൽ ചന്ദനക്കുട മഹോത്സവം നടക്കും. ഇങ്ങനെ വിവിധ മതവിഭാഗങ്ങൾ പങ്കാളികളാവുന്ന വേറെയും ഉത്സവങ്ങളുണ്ട്. തുടർന്നാണ് കേരളത്തിൽ നിലനിൽക്കുന്ന ഇത്തരമൊരു മതമൈത്രി ആരും തകർക്കാൻ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

Tags:    
News Summary - The Kerala High Court has rejected a petition seeking permission to build a mosque in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.