ആലപ്പുഴ: 'ദ കേരള സ്റ്റോറി' മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലന അജണ്ടക്ക് മണ്ണൊരുക്കുന്ന നുണപ്രചരണമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി സുഹൈബ്. ദ കേരള സ്റ്റോറി ഒരു സംഘ്പരിവാർ പ്രൊപഗണ്ട മൂവി എന്ന നിലക്ക് മാത്രമല്ല , സിനിമ പ്രസരിപ്പിക്കുന്ന കടുത്ത ഇസ്ലാമോഫോബിയ ഉള്ളടക്കവും മുസ്ലിംകളെ കുറിച്ച വംശീയ മുൻവിധികളും ഉത്പാദിപിക്കപ്പെടാൻ കാരണമായ ഘടകങ്ങളെ കൂടി മുൻനിർത്തി വിചാരണ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ദ ഇസ്‌ലാമോഫോബിയ സ്റ്റോറി' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഹരിപ്പാട് കുമാരപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമക്കെതിരെ പൊതുവിൽ വിമർശനങ്ങളുയരുമ്പോഴും വലിയൊരു കൂട്ടർ സിനിമ മുന്നോട്ട് വെക്കുന്ന ആരോപണങ്ങളൊക്കെ ശരിയാണെന്ന മട്ടിൽ പ്രതികരിക്കുന്നത്' കാണാം. അതിന്റെ കാരണം മുസ്ലിംകളെ കുറിച്ച തെറ്റായ ധാരണകൾ അത്രയും ശക്തമായി ഇവിടെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അത് ഉത്പാദിപ്പിച്ചതാകട്ടെ സംഘ്പരിവാർ മാത്രമല്ല ഇവിടുത്തെ മീഡിയയും സെക്കുലർ സമൂഹമെന്നവകാശപ്പെട്ടുന്നവരും കൂടിയാണ്. മലയാളി മതേതര പൊതുബോധത്തിനകത്ത് മുസ്ലിം വിരുദ്ധതക്ക് ഒരു മുറി എപ്പോഴും തുറന്ന് കിടന്നിട്ടുണ്ട്.
അവസാന ലക്ക ദേശാഭിമാനി പ്രസിദ്ധീകരിച്ച കഥ കേരളത്തിൽ ഇസ്‌ലാമിലേക്ക് മതം മാറ്റാൻ ആസൂത്രിതമായി പ്രവർത്തിക്കുന്ന ഭീകര പ്രസ്ഥാനത്തെ കുറിച്ചാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാലിഹ് ടി.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സജി ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.