ചെറുവത്തൂർ (കാസർകോട്): ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമയബന്ധിതമായി നടപടിയെടുക്കണമെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നേരെയുള്ള ഗുരുതര അതിക്രമങ്ങളുടെ മറ്റൊരു മുഖം ഈ റിപ്പോർട്ടിലൂടെ പുറത്തായി. സാംസ്കാരിക മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും അതിന് കാരണമായത് ഒന്നാം പിണറായി സർക്കാറിന്റെ ഇച്ഛാശക്തിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ദലിതർക്കെതിരെ തുടരുന്ന പീഡനങ്ങൾ അവസാനിപ്പിക്കുക, കർഷകത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, തൊഴിലുറപ്പുപദ്ധതി സംരക്ഷിക്കുക, ഭൂമി തരംമാറ്റുന്നതിന് നിശ്ചയിച്ച മാനദണ്ഡം കർശനമായി പാലിക്കുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനക്കുമെതിരെ അണിനിരക്കുക, വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുക, ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
അഖിലേന്ത്യ ജന. സെക്രട്ടറി എം. വെങ്കിട്ട്, ജോ. സെക്രട്ടറി വിക്രം സിങ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എ. അമൃതലിംഗം, വി. ശിവദാസൻ എം.പി, പുതിയ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ എന്നിവർ സംസാരിച്ചു. കെ.വി. കുഞ്ഞിരാമൻ നന്ദി പറഞ്ഞു. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.