തിരുവനന്തപുരം: െഎ.എൻ.എല്ലിന് പിന്നാലെ എൽ.ഡി.എഫിന് വെല്ലുവിളിയായി ലോക്താന്ത്രിക് ജനതാദളിലെ (എൽ.ജെ.ഡി) ആഭ്യന്തരതർക്കം പിളർപ്പിലേക്ക്. സംസ്ഥാന പ്രസിഡൻറ് ശ്രേയാംസ് കുമാറിനെയും ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജിനെയും പിന്തുണക്കുന്നവരാണ് ചേരിതിരിഞ്ഞ് പോർവിളി മുഴക്കുന്നത്. സംസ്ഥാന കമ്മിറ്റി ഒാഫിസിെൻറ നിയന്ത്രണം കൈക്കലാക്കാനുള്ള നീക്കം പൂട്ട് തല്ലിപ്പൊളിക്കലിലേക്കും ഫയലുകൾ കടത്തിക്കൊണ്ടുപോകലിലേക്കും എത്തി. നിയമസഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും മന്ത്രിസ്ഥാനം ലഭിക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ജൂലൈയിൽ ഭൂരിഭാഗം ഭാരവാഹികളും പ്രസിഡൻറിനെ മാറ്റണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാർട്ടി ദേശീയ രക്ഷാധികാരി ശരത് യാദവ് വർഗീസ് ജോർജുമായി കൂടിയാലോചിച്ച് പ്രവർത്തിക്കാനാണ് ശ്രേയാംസ് കുമാറിനോട് നിർദേശിച്ചത്. ഇത് ലംഘിച്ച് സ്വന്തം നിലക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചും സംസ്ഥാന കമ്മിറ്റി ഒാഫിസ് പിടിച്ചെടുക്കാനുമുള്ള ശ്രേയാംസ് വിഭാഗ നീക്കമാണ് സംഘർഷത്തിന് വഴിവെച്ചത്.
സംഘടനാ ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസിെൻറ ചുമതലയിലുള്ള സംസ്ഥാന കമ്മിറ്റി ഒാഫിസിെൻറ പൂട്ട് മാറ്റി പുതിയ പൂട്ടിട്ട് പൂട്ടിയ ഒൗദ്യോഗികവിഭാഗം പ്രകോപനത്തിന് തുടക്കമിട്ടു.
തുടർന്ന് ഷേക്ക് ഹാരീസ്, ജില്ല പ്രസിഡൻറ് എൻ.എം. നായർ, വി. സുരേന്ദ്രൻ പിള്ള എന്നിവർ പൂട്ട് പൊളിച്ച് അകത്ത് കയറിയെങ്കിലും അലമാരയിലെ ഹാജർ, മിനിറ്റ്സ് ബുക്കുകൾ, ഒാഫിസ് സീൽ എന്നിവ അപ്രത്യക്ഷമായതായാണ് കണ്ടത്.
പൊലീസിൽ പരാതി നൽകാൻ ഇവർ തുനിഞ്ഞെങ്കിലും പ്രശ്നം താൻ കൈകാര്യം ചെയ്തുകൊള്ളാമെന്ന് ഉറപ്പ് നൽകി പ്രസിഡൻറ് പിന്തിരിപ്പിച്ചു. പക്ഷേ ശ്രേയാംസ് വിഭാഗത്തിൽപെട്ട പാർലമെൻററി ബോർഡ് ചെയർമാൻ ചാരുപാറ രവിയുടെ നേതൃത്വത്തിലാണ് രേഖകൾ മാറ്റിയതെന്ന ആക്ഷേപമാണ് മറുവിഭാഗത്തിന്. സംഘടനാ ജനറൽ സെക്രട്ടറി കൈകാര്യം ചെയ്യേണ്ട രേഖകളാണ് അനധികൃതമായി കൈവശപ്പെടുത്തിയതത്രെ.
പിന്നാലെ സലീം മടവൂരിനെ ഒാഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായും മറ്റ് ചില ഭാരവാഹികളെയും പ്രസിഡൻറ് നാമനിർദേശം ചെയ്തതോടെ ഭിന്നത രൂക്ഷമായി.
ഭരണഘടനപ്രകാരം അഞ്ച് ജനറൽ സെക്രട്ടറിമാേര പാടുള്ളൂവെന്നിരിക്കെ ശ്രേയാംസ് വിഭാഗത്തിേൻറത് പാർട്ടി പിടിക്കാനുള്ള നീക്കമാണെന്നും ചെറുക്കുമെന്നും വർഗീസ് ജോർജ് പക്ഷം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.